മാവേലിക്കരയിലെ കോൺഗ്രസ് വിജയശില്പിയായി കെ.ആർ… ബി.ജെ.പി നേട്ടം ഉണ്ടാക്കാത്തതിനും സി.പി.എം തകർച്ചക്കും കാരണം….

വ്യക്തമായ ഭൂരിപക്ഷത്തോടെ മാവേലിക്കര നഗരസഭയിൽ കോൺഗ്രസ് അധികാരത്തിൽ വന്നിരിക്കുകയാണ്. അധികാര തുടർച്ചയാണ് കോൺഗ്രസ് നേടിയതെങ്കിലും ഈ വലിയ വിജയം കോൺഗ്രസ് പ്രസ്ഥാനത്തിനും അതിലുപരി തിരഞ്ഞെടുപ്പ്  പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരനും അഭിമാനിക്കാവുന്ന നേട്ടമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ എതിർച്ചേരിയുടെ രാഷ്ട്രീയ, സാമുദായിക നീക്കങ്ങളെ തിരിച്ചറിഞ്ഞ് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനും മത്സരിപ്പിക്കാനും കഴിഞ്ഞത് കോൺഗ്രസിന് നേട്ടമായി. ഇത് തന്നെയാണ് കോൺഗ്രസ് വിജയത്തിന്റെ അടത്തറ പാകിയതും.

ബി.ജെ.പിക്ക് നിർണ്ണായക സ്വാധീനമുള്ള മാവേലിക്കരയിൽ കഴിഞ്ഞ തവണ നേടിയ 9 സീറ്റുകളിലേക്ക് ഇത്തവണ എത്താൻ  സാധിക്കാതിരുന്നത് അവരുടെ സ്ഥാനാർത്ഥി  നിർണ്ണയത്തിലെ പോരാഴ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിറ്റിംഗ് സീറ്റുകളിൽ പോലും മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. മണ്ഡലം  ഭാരവാഹിത്വത്തിൽ ഉണ്ടായ തർക്കവും ബി.ജെ.പി  സംഘടന സംവിധാനത്തെ  ബാധിച്ചു. തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കുമ്മനം രാജശേഖരൻ അടക്കം വന്നുനിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതുകൊണ്ടാണ് വലിയ നാണക്കേടിൽ നിന്ന് ബി.ജെ.പിക്ക് കരകയറാനായത്. 

സംസ്ഥാനത്ത് ഉടനീളം ഉണ്ടായ ഭരണവിരുദ്ധ വികാരത്തിന് അപ്പുറമാണ് മാവേലിക്കരയിലെ സി.പി.എമ്മിന്റെ പരാജയം. സമീപ പഞ്ചായത്തുകളിലെല്ലാം തന്നെ സി.പി.എം മികച്ച പ്രകടനം കാഴ്ചവെച്ചപ്പോളാണ് മാവേലിക്കര നഗരസഭയിൽ 9 സീറ്റുകളിൽ നിന്ന്  സി.പി.എം-3, സി.പി.ഐ-1 എന്ന അവസ്ഥയിലേക്ക് ഇടതുപക്ഷം കൂപ്പുകുത്തിയത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകളും കണ്ടെത്തിയ സ്ഥാനാർത്ഥികളോട് പാർട്ടിക്ക് ഉള്ളിൽ നിന്ന് തന്നെ അവമതിപ്പ് ഉയർന്നതും പരാജയത്തിന്റെ തോത് കൂട്ടി. പാർട്ടി ഇതുവരെ പരാജയപ്പെട്ടിട്ടില്ലാത്ത വാർഡുകളിൽ പോലും ഇത്തവണ പരാജയം ഏറ്റുവാങ്ങി. 

തുടർ വിജയങ്ങൾക്ക് ശേഷം ഏഴാം മത്സരത്തിനിറങ്ങിയ മുൻ  ചെയർപേഴ്സൺ ലീല അഭിലാഷ് ആദ്യമായി വിജയിച്ച വാർഡിൽ  തോറ്റു. അവരുടെ സിറ്റിംഗ് സീറ്റിലും  സി.പി.എം പരാജയപ്പെട്ടു. സി.പി.എം പാനലിൽ മത്സരിച്ച മുൻ കൗൺസിലറുമാർ എല്ലാം പരാജയപ്പെട്ടു. സമ്മർദ്ദങ്ങൾക്ക് വഴങ്ങി പല വാർഡുകളിലും സ്ഥാനാർത്ഥികളാക്കിയവരെ പാർട്ടി അണികൾ സ്വീകരിച്ചില്ല എന്നതാണ് വസ്തുത. ഈ വലിയ പരാജയം  സി.പി.എം നേതൃത്വം വിശകലനം ചെയ്യുകയും തെറ്റുകൾ തിരുത്തുകയും ചെയ്താലെ  മാവേലിക്കര നഗരസഭയിൽ  ഇനിയൊരു ഇടത് ഭരണം ഉണ്ടാകു.  

Back to top button