മാവേലിക്കര തെക്കേക്കരയിൽ കോൺഗ്രസ് വട്ടപൂജ്യം

സംസ്ഥാനത്തൊട്ടാകെ കോൺഗ്രസ് വലിയ വിജയം നേടിയപ്പോഴും മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് രൂപീകരിക്കപ്പെട്ട ശേഷം ഇത് ആദ്യമായാണ് ഇത്രയും മോഷം അവസ്ഥ കോൺഗ്രസിന് തെക്കേക്കരയിൽ സംഭവിക്കുന്നത്. രണ്ട് സീറ്റുകൾ ഉണ്ടായിരുന്ന ബി.ജെ.പി 5 സീറ്റിലേക്ക് ഉയർന്നപ്പോഴും കോൺഗ്രസിന്  പാനൽ വോട്ടുള്ള തെക്കേക്കരയിൽ  പാർട്ടിക്ക് ഒരാളിനെ പോലും വിജയിപ്പിക്കാൻ സാധിച്ചില്ല. പഞ്ചായത്തിലെ 20 സീറ്റുകളിലും 3 ബ്ലോക്ക് പഞ്ചായത്ത സീറ്റിലും കോൺഗ്രസ് അമ്പേ  പരാജയപ്പെട്ടു.  ബ്ലോക്ക് പഞ്ചായത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുന്ന അവസ്ഥവരെ ഉണ്ടായി.

ഒരോ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസ് കൂടുതൽ കൂടുതൽ ദുർബലമാകുന്നതാണ് തെക്കേക്കരയിലെ കാഴ്ച. ഓരോ തിരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിലെ  പ്രധാന നേതാക്കൾ  കൂട്ടത്തോടെ കോൺഗ്രസ് വിട്ടുപോകുന്നു.  കഴിഞ്ഞ  തിരഞ്ഞെടുപ്പിന് ശേഷം ഡി.സി.സി അംഗം രാധാകൃഷ്ണക്കുറുപ്പും സംഘവും കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിൽ ചേരുകയും ഇടത് പാളയത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുധീറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസിൽ നിന്ന് രാജിവെച്ച് സ്വതന്ത്രരായി മത്സരിച്ചു. ഇതോടെ കോൺഗ്രസ് തെക്കേക്കരയിൽ കൂടുതൽ ദുർബലമാകുകയായിരുന്നു.  മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ്  കോൺഗ്രസിലെ ഒരു വിഭാഗം പാർട്ടി വിടാൻ കാരണം. 

കാലാകാലങ്ങളിൽ കീഴ്ഘടകങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിക്ക് കഴിയാതെ പോയതാണ് ഇത്രവലിയ പരാജയം തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസിന് ഉണ്ടാകുവാൻ കാരണം. കേരള സമൂഹം കോൺഗ്രസിന് അനുകൂലമായി നിന്ന ഈ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും വിജയിക്കാത്ത കേരളത്തിലെ ഒരേയൊരു പഞ്ചായത്താവും തെക്കേക്കര. ഈ പരാജയത്തിന് ബ്ലോക്ക കോൺഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടത്.

Back to top button