ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. കർണാടക മാണ്ഡ്യയിലെ കെആർ പെറ്റ് താലൂക്കിലെ കട്ടർഘട്ട ഗ്രാമത്തിലെ കർഷകനായ സതീഷിന്റെ മകൻ കിരണിനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തെ തുടർന്ന് യുവാവ് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്.
മുഖത്തും കൈകൾക്കും കാലുകൾക്കുമാണ് പരിക്കേറ്റത്. കട്ടർഘട്ടയിൽനിന്ന് ബന്ദിഹോളയിലുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന കിരണിന്റെ നേരെ പുള്ളിപ്പുലി പെട്ടെന്ന് ചാടിവീഴുകയായിരുന്നു. ആക്രമണത്തിന്റെ ശക്തിയിൽ യുവാവ് ബൈക്കിൽനിന്ന് വീണു. പുള്ളിപ്പുലി യുവാവിന്റെ മുഖം, കൈകൾ, കാലുകൾ എന്നിവയിൽനിന്ന് മാംസം കടിച്ചുകീറി. തുടർന്ന് പുലി സ്ഥലത്തുനിന്ന് ഓടിപ്പോയി. ബോധം വീണ്ടെടുത്ത ശേഷം കിരൺ വിളിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്ത് സാഗറാണ് ആശുപത്രിയിൽ എത്തിച്ചത്.




