‘പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കൈയിൽ വെച്ചയാളാണ് ഈ വീമ്പു പറയുന്നത്’; മുഖ്യമന്ത്രിയ്ക്ക് ചെന്നിത്തലയുടെ മറുപടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളെ ‘സ്ത്രീലമ്പടന്മാർ’ എന്ന് വിശേഷിപ്പിച്ച് വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ചയോളം കൈവശം വെച്ചശേഷമാണ് മുഖ്യമന്ത്രി ഈ ‘വീമ്പു പറച്ചിൽ’ നടത്തുന്നതെന്നും, തങ്ങളെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കരുതെന്നും ചെന്നിത്തല തുറന്നടിച്ചു.
കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാണിക്കുന്നതെന്നും, ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ ജനങ്ങൾ തള്ളിക്കളയുമെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയിൽ, സി.പി.എമ്മിലെ സ്ത്രീലമ്പടന്മാരെയാണ് ആദ്യം മുഖ്യമന്ത്രി നിയന്ത്രിക്കേണ്ടതെന്നും, വീമ്പു പറച്ചിലിന് ഒരു പരിധിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ‘സ്ത്രീലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സി.പി.എമ്മിന്റെ രീതി,’ അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച പൂഴ്ത്തിവെച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ വീമ്പിളക്കുന്നത്. രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമാണോയെന്ന് കോടതി പരിശോധിക്കട്ടെ. സ്ത്രീകളെ പീഡിപ്പിച്ചവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്; അദ്ദേഹത്തിന് ഇരട്ടത്താപ്പാണ്. ഇനിയും പരാതികൾ വരാനുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാർട്ടിക്കാരെക്കുറിച്ചാണോയെന്ന് വ്യക്തമാക്കണം. പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ പിണറായി വിജയൻ ചെയ്തതടക്കം പല കാര്യങ്ങളും തങ്ങൾക്കറിയാം, കൂടുതൽ പറയിപ്പിക്കരുത്. കെ-റെയിൽ പദ്ധതി നടക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായി. ‘എൻ പിള്ള’ നയം സ്വീകരിക്കുന്നത് ശരിയല്ല. സ്വന്തം പാർട്ടിക്കാരാണെങ്കിൽ പരാതി അലമാരയിൽ പൂട്ടിയിടുന്നതാണ് മുഖ്യമന്ത്രിയുടെ ശീലം. ആ മഞ്ഞക്കുറ്റി ഇനിയെങ്കിലും പിഴുതുമാറ്റണം തുടങ്ങിയ വിമർശനങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ:
നേരത്തെ, കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ല. ഇരയായവർ പങ്കുവെച്ച ആശങ്കകൾ പരിശോധിക്കുമ്പോൾ, അവരെ കൊന്നുകളയുമെന്ന ഭീഷണിയാണ് ഉയർത്തിയിട്ടുള്ളതെന്നും, ഇപ്പോൾ പുറത്തുവന്നതിനേക്കാൾ അപ്പുറമുള്ള കാര്യങ്ങൾ ഇനിയും പുറത്തുവന്നേക്കാമെന്നും പിണറായി വിജയൻ പ്രതികരിച്ചിരുന്നു.



