സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന്

എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി പുരസ്‌കാര ജേതാക്കളാണ്.
ഈ അവാര്‍ഡിനെ കുറിച്ച് തനിക്ക് ഒരുവിവരവും ഇല്ലെന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ‘ഈ അവാര്‍ഡ് ആരാണ് തന്നിരിക്കുന്നത്, ആര്‍ക്കാണ് കൊടുത്തിരിക്കുന്നതെന്ന് എനിക്ക് ഒരുപിടിത്തവും ഇല്ല. ഞാന്‍ ഇങ്ങനെ ഒരു അവാര്‍ഡ് സ്വീകരിച്ചിട്ടേയില്ല. മാധ്യമങ്ങള്‍ പറഞ്ഞാണ് ഇങ്ങനെ ഒരു അവാര്‍ഡിനെ പറ്റി കേള്‍ക്കുന്നത്. നിങ്ങള്‍ അന്വേഷിച്ചോളൂ’ – ശശി തരൂര്‍ പറഞ്ഞു.
പൊതുസേവനം, സാമൂഹിക രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികള്‍ക്കാണ് പുരസ്‌കാരം. ദേശീയ ആഗോള തലങ്ങളിലെ ഇടപെടലുകളാണ് തരൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ തരൂര്‍ സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രശംസിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.



