‘ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന പ്രചാരണം’.. കുറിപ്പുമായി ടി ബി മിനി…

തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി ബി മിനി. ചിലയാളുകള്‍ ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് മിനി ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മതി. 12-ാം തിയ്യതിക്ക് ശേഷം നമ്മള് വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് ‘double rape’ ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്’, മിനി പറഞ്ഞു.
താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിലപ്പുറം തന്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അദ്ധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ല. കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അവര്‍ പറഞ്ഞു.നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്.



