സ്വഭാവം ശരിയല്ലെന്ന് പറഞ്ഞ് പിതാവ് മകളുടെ കൈകൾ കെട്ടി കനാലിൽ തള്ളിയിട്ടു; മരിച്ചെന്ന് കരുതിയ പെൺകുട്ടി രണ്ടു മാസത്തിനു ശേഷം…

രണ്ടു മാസം മുമ്പ് പിതാവ് കനാലിലേക്ക് എറിഞ്ഞതിനെ തുടർന്ന് കൊല്ലപ്പെട്ടുവെന്ന് കരുതപ്പെട്ട 17കാരി വീട്ടിൽ തിരിച്ചെത്തി. പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിൽ സെപ്റ്റംബർ 30 നായിരുന്നു സംഭവം. പിതാവ് സുർജിത് ഒരു കയർ കൊണ്ട് കൊണ്ട് പെൺകുട്ടിയുടെ കൈകൾ കെട്ടി ഖലീൽവാല ഗ്രാമത്തിനടുത്തുള്ള കനാലിലേക്ക് തള്ളുന്നതിന്റെ ഒരു വൈറൽ വീഡിയോ പുറത്തുവന്നതോടെ കേസ് വ്യാപകമായ ശ്രദ്ധ നേടിയിരുന്നു.
സംഭവത്തെ തുടർന്ന് സുർജിതിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വഭാവം ശരിയല്ലെന്ന് പറഞ്ഞ് പിതാവ് സുർജിത് സിംഗ് ഭാര്യയുടെയും മൂന്ന് ഇളയ പെൺമക്കളുടെയും മുന്നിൽ വച്ചാണ് 17കാരിയെ കൈകൾ കയർ കൊണ്ട് കൂട്ടിക്കെട്ടി കനാലിലേക്ക് തള്ളിയിട്ടത്. സംഭവം പെൺകുട്ടിയുടെ പിതാവ് തന്നെ വീഡിയോയിൽ പകർത്തിയിരുന്നു. പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ്പുർ സിറ്റി പൊലീസ് കൊലപാതകത്തിന് കേസെടുത്ത് പിതാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്.
‘കനാലിലെ ശക്തമായ ഒഴുക്കിൽ കൈകളിലെ കെട്ടുകൾ അത്ഭുതകരമായി അഴിഞ്ഞുപോയി. ഒഴുകി നീങ്ങുന്നതിനിടെ വെള്ളത്തിലേക്ക് തള്ളി നിന്നിരുന്ന ഒരു ഇരുമ്പ് ദണ്ഡിൽ പിടികിട്ടി. ഇതിൽ പിടിച്ചു കരയിലേക്ക് നീന്തി. അതുവഴി പോയ മൂന്ന് പേരാണ് രക്ഷപ്പെടുത്തിയത്’ പെൺകുട്ടി പറഞ്ഞു.



