‘എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും’

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘നാലുകൊല്ലം മുമ്പ് ഞാന്‍ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നത്. നേരത്തെ എഴുതിവെച്ച വിധിയാണിത്. ഇതിനപ്പുറം പ്രതീക്ഷിച്ചിട്ടില്ല. എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും. ഭാഗ്യലക്ഷ്മി പറഞ്ഞു.

അതിജീവിതയുടെ വീട്ടില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. കൈയില്‍ കിട്ടിയ ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും സാക്ഷികള്‍ ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാന്‍ പറ്റുമോ എന്ന് സംശയമുണ്ട്. ഇപ്പോഴും ഞാന്‍ അവളോടൊപ്പം തന്നെയാണ്. അയാള്‍ നിഷ്‌കളങ്കനാണെന്ന് ആരൊക്കെ പറഞ്ഞാലും ഞങ്ങള്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല. മരണം വരെ അവളോടൊപ്പം നില്‍ക്കും.

ഇനി എന്തുചെയ്യണം എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അത് വരും ദിവസങ്ങളില്‍ അതിജീവിത തന്നെ വ്യക്തമാക്കും. കേസില്‍ കൂറുമാറിയവരും പ്രതിക്കൊപ്പം നില്‍ക്കുന്നവരും, അവനവന്റെ വീട്ടിലും അവനവന്റെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇത്തരം ഒരവസ്ഥ വരുമ്പോള്‍ പഠിക്കും’. ഭാഗ്യലക്ഷ്മി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ, ​ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞാണ് എട്ടാം പ്രതി ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.

Related Articles

Back to top button