മാവേലിക്കരയിലും ലഹരി കൊലപാതകം… അമ്മയെ മകൻ മർദ്ദിച്ചുകൊന്നു…കൂടുതൽ വിവരങ്ങൾ പുറത്ത്..

മാവേലിക്കര : ഒരാഴ്ചത്തെ ഇടവേളയ്ക്കിടെ കായംകുളത്തിന് പിന്നാലെ മാവേലിക്കരയിലും ലഹരി കൊലപാതകം. മാവേലിക്കര കല്ലുമലയിൽ മകൻ അമ്മയെ അടിച്ചുകൊന്നു. കല്ലുമല പുതുച്ചിറ ഭാഗത്ത് കോടമ്പറമ്പിൽ വീട്ടിൽ കനകമ്മ സോമരാജൻ (69) ആണ് കൊല്ലപ്പെട്ടത്. ഏക മകൻ ഉണ്ണി എന്ന് വിളിക്കുന്ന കൃഷ്ണദാസ് (39) ആണ് അമ്മയെ കൊലപ്പെടുത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് അറിയുന്നു.

മാവേലിക്കര നഗരസഭ മുൻ കൗൺസിലർ ആയിരുന്ന കനകമ്മ സോമരാജനും കൃഷ്ണദാസും മാത്രമായിരുന്നു വീട്ടിൽ താമസം. ബി.എസ്.സി നേഴ്സിങ് പഠനം നടത്തിയിരുന്നെങ്കിലും ഇലക്ട്രീഷ്യനായാണ് ജോലി ചെയ്തിരുന്നത്. പ്രേമ വിവാഹമായിരുന്നെങ്കിലും വിവാഹമോചിതനണ്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാൾ ഡീ അഡിക്ഷൻ സെന്ററിൽ ആയിരുന്നു. മാസങ്ങൾക്ക് മുമ്പാണ് തിരികെ വീട്ടിലെത്തിയത്. അമ്മയെ പതിവായി മർദ്ദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന്റെ പേരിൽ നിരവധി തവണ മാവേലിക്കര പോലീസ് സ്റ്റേഷൻ പരാതിയും നൽകിയിട്ടുണ്ട്.

കല്ലുമല മഞ്ഞാടി ഭാഗത്ത് താമസിച്ചിരുന്ന ഇവർ 20 വർഷം മുമ്പാണ് പുതുച്ചിറയിലേക്ക് താമസം മാറിയത്. കനകമ്മയുടെ ഭർത്താവ് സോമരാജൻ സിപിഐയുടെ നേതാവായിരുന്നു. കനകമയും സിപിഐയുടെ പാനലാണ് കൗൺസിലറായി വിജയിച്ചത്. സോമരാജന്റെ മരണത്തിനു ശേഷമാണ് കൃഷ്ണദാസ് സ്ഥിരം മദ്യപാനിയായി മാറിയത്.

പ്രേമ വിവാഹത്തെ മാതാവ് അംഗീകരിക്കാത്തത് കൃഷ്ണദാസിന് അമ്മയോടുള്ള വിരോധത്തിന് കാരണമായിയിരുന്നു. വിവാഹമോചനം നേടിയിരുന്നെങ്കിലും ഭാര്യയുമായി അടുപ്പം പുലർത്തിയിരുന്നു. ഇവരുടെ ചികിത്സയ്ക്കുള്ള പണം ആവശ്യപ്പെട്ട് നിരന്തരം മാതാവുമായി കലഹിക്കുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കനകമ്മയുടെ പേരിൽ കൊറ്റാർകാവിൽ ഉള്ള 10 സെന്റ് സ്ഥലം അടുത്ത ദിവസം വിൽപ്പന നടത്താനിരിക്കുകയായിരുന്നു. ഈ പണത്തിൽ ഒരു പങ്ക് മരുമകളുടെ ചികിത്സയ്ക്ക് നൽകിയശേഷം അമൃതാനന്ദമയി മഠത്തിലേക്ക് താമസം മാറാൻ ഇരുന്നതാണ് കനകമ്മ. പണത്തിന്റെ വിഹിതത്തെ ചൊല്ലിയുള്ള തർക്കം ആവാം കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് കരുതുന്നു.

കിടപ്പുമുറിയിലെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നത് നിലയിലായിരുന്നു. കട്ടിലിൽ കിടന്ന മെത്ത വലിച്ചുകീറി നിലയിലാണ്. നെറ്റിയിൽ ശക്തമായി അടിച്ച പാടുണ്ട്. ഇതല്ലാതെ മറ്റ് മുറിവുകൾ ഒന്നും തന്നെ ദേഹത്തിൽ ഇല്ലെന്നാണ് പോലീസ് നൽകുന്നത് വിവരം. അമ്മയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണദാസ് തന്നെയാണ് സുഹൃത്തിനെയും പോലീസിനെയും വിവരം അറിയിച്ചത്. വിവരമറിഞ്ഞ പോലീസ് ഇയാളെ മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പിടികൂടിയത്. ഇയാളെ നിലവിൽ ചോദ്യം ചെയ്തു വരികയാണ്. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാർ സ്ഥലം സന്ദർശിച്ചു. ഫോറൻസിക്ക് വിരലടയാളം വിദഗ്ധർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related Articles

Back to top button