കോടതിയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ആക്ടീവ വണ്ടി, ഓട്ടോയിൽ 3 പേർ വന്നിറങ്ങിയതോടെ….

ഓട്ടോറിക്ഷയിലെത്തി വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി ആക്രി വിലയ്ക്ക് വില്പന നടത്തുന്ന മൂവര്‍ സംഘം പിടിയിൽ. ചേര്‍ത്തല, അരൂക്കുറ്റി ഫാത്തിമ മന്‍സിലില്‍ ജഫീല്‍ മുഹമ്മദ് (30), ഫോര്‍ട്ട്കൊച്ചി, ഇരവേലി കോളനി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ റെനീഷ്.പി.എ (36), കൊല്ലം, വളത്തുങ്കല്‍ വാവഴികത്ത് വീട്ടില്‍ വിജയകുമാര്‍ (38) എന്നിവരെയാണ് എറണാകുളം ടൗണ്‍ സെന്‍ട്രല്‍ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. നവംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം ജില്ലാ കോടതിയുടെ എതിര്‍വശം പാര്‍ക്ക് ചെയ്തിരുന്ന ഏകദേശം 25,000 രൂപ വിലവരുന്ന കെ.എല്‍-06-എഫ്-5915 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഗ്രേ നിറത്തിലുള്ള ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ മോഷണം പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉടമ എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, സെന്‍ട്രല്‍ സബ് ഡിവിഷന്‍ അസി. കമ്മീഷ്ണര്‍ രാജ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.



