പൊലീസിനെ കണ്ട് പാറയുടെ മുകളിൽ നിന്ന് എടുത്തുചാടി.. കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്…

തൃശൂർ വിയ്യൂരിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് തെങ്കാശിയിലെ പാറയിടുക്കിൽ വീണുപരിക്ക്. തെങ്കാശിയിലെ കടയത്ത് മലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ബാലമുരുകന്റെ 15 മീറ്റർ അകലെ തമിഴ്നാട് പൊലീസ് എത്തിയതോടെ പാറയുടെ മുകളിൽ നിന്ന് എടുത്തുചാടുകയായിരുന്നു.
150 മീറ്റർ അധികം താഴ്ചയിലേക്ക് ചാടിയ ബാലമുരുകന് പരിക്കേറ്റു എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാത്രി പരിക്കേറ്റ ബാലമുരുകനെ പിടികൂടാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. തുടർന്ന് ബാലമുരുകനെ രക്ഷപ്പെടുത്തി കസ്റ്റഡിയിൽ ആക്കുന്നത് നാളത്തേക്ക് മാറ്റി. ബാലമുരുകന് ഗുരുതരമായി പരിക്കേറ്റു എന്നാണ് നിഗമനം. രക്ഷാദൗത്യത്തിലേക്ക് കടന്നാൽ പൊലീസിനും തിരിച്ചടിയാകുമെന്ന് വിലയിരുത്തലിലാണ് പൊലീസ്.
ഭാര്യയെ കാണാൻ വേണ്ടിയാണ് ബാലമുരുകൻ തെങ്കാശിയിൽ എത്തിയത്. അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്.


