മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായുള്ള മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. വെൺമണി സ്വദേശിയായ അർജുൻ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിലേക്ക് വിളിച്ചാണ് യുവാവ് സ്ത്രീകളോട് അശ്ലീലം പറഞ്ഞത്.

പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഉദ്യോ​ഗസ്ഥർ ഫോൺകോളിന് മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് ‘സിഎം വിത്ത് മീ’ പരിപാടി. ഈ ടോൾഫ്രീ നമ്പറിലേക്ക് അർജുൻ നിരന്തരമായി വിളിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.

ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പൊലീസുകാരുടെ മരണം ആരെങ്കിലും പോസ്റ്റിട്ട് കഴിഞ്ഞാൽ അതിന് താഴെ മോശമായി കമന്റ് ചെയ്യുകയും ആ സ്റ്റേഷനിലെ എസ്എച്ച്ഓയെ വിളിച്ച് അസഭ്യം പറയുകയും ചെയ്തിരുന്നു. ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് അർജുൻ. വനിതാ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ‘സിഎം വിത്ത് മീ’ ഉറപ്പാക്കുന്നത്.

Related Articles

Back to top button