മാനന്തവാടി നഗരസഭക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ്; പിന്നാലെ സസ്പെൻഷൻ

യുഡിഎഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ജോസ് ചാലിൽ. നഗരസഭയുടെ വിവിധ പദ്ധതികളിൽ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നും പൊടുന്നനെയാണ് പദ്ധതികൾക്ക് ഭരണസമിതി അനുമതികൾ നൽകിയതെന്നും സണ്ണി ജോസ് ചാലിൽ ആരോപിക്കുന്നു. ഇവയിൽ വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ ഡിസിസി നേതൃത്വം സണ്ണിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
മുനിസിപ്പൽ ഓഫീസ് നിർമാണം, ടോയ്ലെറ്റ് ബ്ലോക്ക് നിർമാണം, സ്ട്രീറ്റ് ലൈറ്റുകൾ, ലാപ്ടോപ്പ്, തയ്യൽമെഷീൻ വിതരണം എന്നിവയിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് സണ്ണി ജോസ് ചാലിൽ ആരോപിക്കുന്നത്. ആവശ്യത്തിലേറെ സമയമുണ്ടായിട്ടും ആറ് മാസം മുൻപാണ് മുനിസിപ്പൽ ഓഫീസിന്റെ നിർമാണ ജോലികൾ ആരംഭിച്ചത്. ഏതാണ്ട് 5 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയിൽ 35 ലക്ഷം രൂപ കരാറുകാരൻ കൈമാറി എന്നും സണ്ണി ജോസ് ചാലിൽ ആരോപിക്കുന്നു. അതിൽ തന്നെ 15 ലക്ഷം രൂപ 37 വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് എന്ന പേരിൽ ഒരു ‘പ്രധാന കള്ളൻ’ കൈപറ്റി എന്നും അദ്ദേഹം പറയുന്നു.



