കുസാറ്റ് തിരിച്ച് പിടിച്ച് എസ്എഫ്ഐ…190 സീറ്റില്‍ 104 ല്‍ വിജയം
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാർത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരുടെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 190 സീറ്റില്‍ 104 സീറ്റുകളാണ് എസ്എഫ്ഐക്ക് ലഭിച്ചത്. ഇതോടെ കഴിഞ്ഞ തവണ നഷ്ടമായ വിദ്യാർത്ഥി യൂണിയന് കെഎസ്യുവില് നിന്ന് എസ്എഫ്ഐ തിരികെ പിടിച്ചു.കഴിഞ്ഞ തവണ 174 സീറ്റില്‍ 86 സീറ്റ് നേടികൊണ്ടായിരുന്നു കെഎസ്യു കുസാറ്റില്‍ യൂണിയന് ഭരണം പിടിച്ചത്. മുപ്പത് വർഷങ്ങള്‍ക്ക് ശേഷമുള്ള കെഎസ്യുവിന്റെ ആദ്യ വിജയവുമായിരുന്നു ഇത്. 1994 ല്‍ ബാബു ജോസഫ് കുറുവത്തായ കെഎസ്യു പാനലില്‍ ചെയർമാനായതിന് ശേഷം 2024 വരെ നടന്ന തിരഞ്ഞെടുപ്പിലെല്ലാം എസ്എഫ്ഐക്കായിരുന്നു കുസാറ്റിലെ വിജയം. മൂന്ന് പതിറ്റാണ്ടോളം കുത്തകയാക്കി കൊണ്ടുനടന്ന കുസാറ്റ് കൈവിട്ടത് പോയത് എസ്എഫ്ഐക്ക് വലിയ തിരിച്ചടിയുമായി. അതുകൊണ്ട് തന്നെ ഇത്തവണ തിരഞ്ഞെടുപ്പിനായി വലിയ മുന്നൊരുക്കവും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.



