ബൈക്ക് കുഴിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം…

തിരുവനന്തപുരം വഴയിലയ്ക്ക് സമീപം പുരവൂർക്കോണത്ത് ബൈക്ക് കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു, ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്ക് ബൈക്ക് വീണാണ് അപകടമുണ്ടായത്. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളി(30) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
ടെക്നോപാർക്കിലെ ജീവനക്കാരനാണ് ആകാശ്. പുലർച്ചെ ഒന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ആകാശ്. വഴയിലയ്ക്ക് സമീപം നാലുവരി പാതയ്ക്കായി കലുങ്ക് നിർമ്മാണം നടന്നുവരികയാണ്. അതിന് വേണ്ടിയെടുത്ത കുഴിയിലേക്കാണ് ആകാശിന്റെ വാഹനം വീണത്. രാത്രിയിൽ ഈ കുഴി മറച്ചിരുന്നില്ല. അതുവഴി കടന്നുപോയ യാത്രക്കാരാണ് ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.


