കല്ലറയിൽ പോയി മെഴുകുതിരി കത്തിച്ചിട്ടും പാപമുക്തിയില്ല; രാഹുൽ മാങ്കൂട്ടത്തിലിന്റെ ദുർവിധിക്ക് പിന്നിൽ പുതുപ്പള്ളി പുണ്യാളന്റെ ശാപമോ?

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗിക പീഡനക്കേസിൽ പ്രതിയായി ഒളിവിൽ കഴിയവെ ചർച്ചകളിൽ നിറയുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അപ്രതീക്ഷിതമായെത്തിയതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ വളർച്ചയിലെ വൻ വഴിത്തിരിവുകളിലൊന്ന്. ആ പദവിയിലേക്ക് എത്തിയതാകട്ടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആഗ്രഹത്തെയും നിർദ്ദേശത്തെയും നിഷ്കരുണം നിരസിച്ചും. ഷാഫി പറമ്പിലിന്റെ അനുഗ്രഹാശിസുകൾ ഒന്നുകൊണ്ട് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ വളർച്ച ഇത്ര അതിവേഗത്തിലായത്. എന്നാൽ, അതിലും വേഗത്തിൽ തകർന്നടിഞ്ഞതിന് പിന്നിൽ ഉമ്മൻചാണ്ടിയുടെ ശാപമാണോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ഉയരുന്നത്.
2023ലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ നിയോഗിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ വളർച്ചയുടെ വലിയൊരു വഴിത്തിരിവായിരുന്നു ആ നിയമനം. അന്ന് സ്ഥാനമൊഴിഞ്ഞ ഷാഫി പറമ്പിലിന്റെ നിർബന്ധം ഒന്നുമാത്രമാണ് രാഹുലിന് ആ പദവി ലഭിക്കാൻ കാരണമായത്. അതേസമയം, ചവറ്റുകൊട്ടയിൽ തള്ളിയതാകട്ടെ, കോൺഗ്രസിലെ തലമുതിർന്ന നേതാവും സർവാദരണീയനുമായ ഉമ്മൻചാണ്ടിയുടെ നിർദ്ദേശവും.
നിലവിൽ കെപിസിസി അംഗമായ ജെ.എസ്. അഖിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കണം എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ആഗ്രഹം. കെഎസ്‌യു പ്രസിഡന്റ് സ്ഥാനവും എൻഎസ്‌യു പ്രസിഡന്റ് സ്ഥാനവും നൽകാതെ ഒഴിവാക്കിയിട്ടും ഗ്രൂപ്പ് വിട്ടുപോകാതെ നിന്നിരുന്ന അഖിലിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി നൽകണം എന്ന് ഉമ്മൻചാണ്ടി നിലപാടെടുത്തു. അഖിലിന്റെ ഈ ആത്മാർത്ഥത കാണാതെ പോകരുതെന്ന് ഉയർത്തിക്കാട്ടി ബെന്നി ബെഹനാനും കെ. ബാബുവുമാണ് ജെ.എസ്. അഖിലിനുവേണ്ടി വാദിച്ചത്. എന്നാൽ, അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഏറ്റവും കൂടുതൽ വാദിച്ചിരുന്നത്.
സ്ഥാനം ഒഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ തന്റെ താൽപര്യം കൂടി പരിഗണിക്കണം എന്നായിരുന്നു ഷാഫി അന്ന് ആവശ്യപ്പെട്ടത്. സാമൂഹികമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും സജീവമായി ഇടപെടുന്നയാൾ എന്ന തരത്തിലായിരുന്നു ഷാഫി, രാഹുലിനെ ഉയർത്തിക്കാട്ടിയിരുന്നത്. വാദപ്രതിവാദങ്ങൾക്കൊടുവിൽ നറുക്ക് രാഹുൽ മാങ്കൂട്ടത്തിലിന് തന്നെ വീഴുകയായിരുന്നു. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ ഉമ്മൻചാണ്ടിയുടെ ഖബറിടത്തിലെത്തി മെഴുകുതിരി കത്തിക്കുകയും ചെയ്തിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ചത്.
രാഷ്ട്രീയരംഗത്തെ രാഹുലിന്റെ വളർച്ചയിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി. ഇന്ന്, നിരവധി ലൈംഗികാരോപണങ്ങളിൽപെട്ട് പാർട്ടിയിലെ പ്രാഥമിക അംഗത്വം നഷ്ടപ്പെടുകയും പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം കൈയൊഴിയുകയും എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യത്തിലുമാണ് രാഹുൽ എത്തി നിൽക്കുന്നത്.
ഈ സാഹചര്യത്തിൽ ജെ.എസ്. അഖിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുകയാണ്. ‘ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു…’ – എന്നാണ് അഖിൽ തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.


