‘പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശിര്‍വാദത്തോടെ’.. ‘വന്‍ തോക്കുകളിലേക്ക്’ അന്വേഷണം നീളണമെന്ന് കോടതി…

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശിര്‍വാദത്തോടെ എന്ന് ഹൈക്കോടതി. അന്വേഷണം ഉന്നതരിലേക്ക് നീളണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം.
നിലവിലെ അന്വേഷണം ശരിയായ ദിശയിലെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയിലെ സ്വര്‍ണക്കൊള്ള സംഭവിക്കാന്‍ പാടില്ലാത്തതെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു.
ഇന്നലെയാണ് എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവിലാണ് പരാമര്‍ശം. പരാമര്‍ശിച്ചിട്ടുള്ള ‘ വന്‍ തോക്കുകള്‍’ ആരെന്ന് വ്യക്തമാക്കിയിട്ടില്ല.



