ശബരിമല സ്വര്‍ണകൊള്ള, രാഹുൽ കേസ്, മസാല ബോണ്ട്.., വിവാദങ്ങള്‍ കത്തി നിൽക്കെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

ശബരിമല സ്വർണകൊള്ള, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്, കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് തുടങ്ങിയ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഇന്ന് കൊച്ചിയിൽ മാധ്യമ പ്രവർത്തകരുമായുള്ള മുഖാമുഖം. ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിലാണ് മീറ്റ് ദ പ്രസ്. വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ ജില്ലകളിലും സംവാദ പരിപാടിയുണ്ട്. നാളെയാണ് തൃശൂരിലെ സംവാദ പരിപാടി. ശബരിമല സ്വര്‍ണകൊള്ളയിലടക്കം മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാകുമോയെന്നാണ് അറിയാനുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുലിനെതിരായ ആദ്യത്തെ പരാതി മുഖ്യമന്ത്രിയ്ക്കാണ് ആദ്യം ലഭിക്കുന്നത്. ഈ പരാതി തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതും. കിഫ്ബി മസാല ബോണ്ടിൽ മറുപടി തേടിയുള്ള ഇഡി നോട്ടീസിലും മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല സ്വര്‍ണകൊള്ളയിൽ എ പത്മകുമാറും എൻ വാസവുമടക്കം അറസ്റ്റിലായിരുന്നു. പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമോയെന്നതിലും പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button