ഒന്‍പതാം ദിവസവും രാഹുൽ ഒളിവിൽ, മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

ബലാത്സംഗക്കേസിൽ പ്രതിയായ രാഹൂൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്. ഇന്നുതന്നെ ബെഞ്ചിൽ ഹര്‍ജി കൊണ്ടുവന്ന് പൊലീസിന്‍റെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോ എന്നാണ് നോക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുളള ഗുരുതര ആരോപണങ്ങളെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം തളളിയത്. എന്നാൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുലിന്‍റെ വാദം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. ഇതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ശ്രമം തുടങ്ങി. അതിസങ്കീര്‍ണമായ കേസായതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിഗമനം.


