‘രാഹുലിനെ മാത്രം വീഴ്ത്തിയിട്ട് കാര്യമില്ല, ആ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്നുപേരും വീഴണം’…

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കോടതി വിധി കോണ്‍ഗ്രസിലെ സ്ത്രീകള്‍ക്ക് കൂടി വേണ്ടിയുളളതാണെന്ന് പി സരിന്‍. രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയായിരുന്നുവെന്നും പാര്‍ട്ടിക്കുളളിലെ തെറ്റുകളെ തിരിച്ചറിഞ്ഞ് പുഴുക്കുത്തുകളെ പുറത്താക്കിയില്ലെങ്കില്‍ കേരളത്തില്‍ ഒരിക്കല്‍ കോണ്‍ഗ്രസുണ്ടായിരുന്നു എന്ന് പറയേണ്ടിവരുമെന്നും സരിന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടിയത് കൊണ്ടുമാത്രം കാര്യമില്ലെന്നും വീഴുമ്പോള്‍ ആ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്നുപേരും വീഴണമെന്നും പി സരിന്‍ പറഞ്ഞു. വെറുതെയല്ല താന്‍ ഷാഫി പറമ്പിലിനെയും വി ഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചതെന്നും അവര്‍ നടത്തിയ ഹവാല, റിവേഴ്‌സ് ഹവാല ഇടപാടുകളെല്ലാം ചര്‍ച്ചയിലേക്ക് വരുമെന്നും സരിന്‍ വ്യക്തമാക്കി.
ഈ പൊളിക്കിറ്റല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ ബാക്കി രണ്ടുപേര്‍ രണ്ട് ചേരികളിലായി തിരിഞ്ഞുകൊണ്ട് ചെയ്തുകൊണ്ടിരിക്കുന്ന സകല ഇടപാടുകള്‍ക്കും ഇടപെടലുകള്‍ക്കും ക്ലാരിറ്റി വരും. അത്തരം പരാതികളൊക്കെ ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ കയ്യിലുണ്ട്. പരാതികള്‍ മാത്രമല്ല തെളിവുകളുമുണ്ടെന്നും സരിൻ കൂട്ടിച്ചേർത്തു.


