ആരൊരാളീ കുതിരയെ കെട്ടുവാൻ, തെക്കേക്കരയിൽ ഇടത് തേരോട്ടം…. (15 + 4 + 1)

മാവേലിക്കര – അരനൂറ്റാണ്ടിന്റെ ഇടത് ഭരണ ചരിത്രത്തിന് ഇക്കുറിയെങ്കിലും മാറ്റം വരുമോ എന്ന ചിന്തകളെല്ലാം അസ്താനത്താണെന്ന് വിളിച്ച് പറയുന്ന ഉശിരൻ തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് ഇക്കുറിയും ഇടതുപക്ഷം തെക്കേക്കരയിൽ കാഴ്ചവെക്കുന്നത്. ഓരോ വീടുകളിലും രണ്ടും മൂന്നും തവണ സ്ഥാനാർത്ഥികളെ നേരിട്ടെത്തിച്ച് ത്രിതല സ്ഥാനാർത്ഥികളുടെ പര്യടനം പൂർത്തിയാക്കി, കോട്ടകാക്കാൻ കൈമെയ് മറന്ന് മുന്നേറുകയാണ് ഇടത് പാളയം. നാലിൽ മൂന്ന് ഭൂരിപക്ഷത്തിനാണ് ഒരോ തവണയും ഇടത് ചേരി പഞ്ചായത്തിൽ അധികാരതതിൽ എത്താറുള്ളത്. ഇത്തവണയും ഇത് ആവർത്തിക്കും എന്ന് തന്നെയാണ് എൽ.ഡി.എഫിന്റെ വിലയിരുത്തിൽ.
പഞ്ചായത്തിൽ രണ്ട് സീറ്റുകൾ നേടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞെട്ടിച്ച ബി.ജെ.പി തന്നെയാണ് ഇത്തവണയും ഇടത് പാളയത്തിന് വെല്ലുവിളി. ചരിത്രത്തിലാദ്യമായി പഞ്ചായത്തിൽ ഭരണപങ്കാളിത്തം നേടിയതോടെ ഇത്തവണ കൂടുതൽ സീറ്റുകൾ നേടാമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി ക്യാമ്പ്. തെക്കേക്കര കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം, ഇടത് ബദൽ എന്ന നിലയിൽ ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത ബി.ജെ.പിക്ക് ഇക്കുറി ലഭിക്കും എന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
യു.ഡി.എഫിൽ ഏകീകരിച്ചുള്ള പ്രവർത്തനത്തിന്റെ പോരാഴ്മയും വിമത വിഭാഗം മത്സരിക്കുന്നതും തിരിച്ചടി ആണെങ്കിലും ചില കോൺഗ്രസ് സ്ഥാനാർത്ഥികൾ സ്വന്തമായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണം താങ്ങളുടെ വിജയം ഉറപ്പിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. പരമ്പരാഗത വോട്ടുകളിൽ ചോർച്ച ഉണ്ടാവില്ലെന്ന പ്രതീക്ഷയും യു.ഡി.എഫ് ക്യാമ്പിന് ശക്തിപകരുന്നു.
ഒരോ തിരഞ്ഞെടുപ്പിലും കോൺഗ്രസിൽ രാജി
കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം ഡി.സി.സി ജനറൽ സെക്രട്ടറി കെ.രാധാകൃഷ്ണ കുറുപ്പിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കോൺഗ്രസിൽനിന്നു രാജിവെച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ചേർന്നിരുന്നു. ഇതിൽ ഹരികുമാർ വിജയസാധ്യതയുള്ള വാർഡിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി ഇടത് പക്ഷത്ത് നിന്ന് ഇക്കുറി മത്സരിക്കുന്നുണ്ട്.
ഈ തിരഞ്ഞെടുപ്പിൽ മറ്റൊരു ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.സുധീറിൻ്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗംകൂടി കോൺഗ്രസ് വിട്ടുപോയിരിക്കുകയാണ്. പാർട്ടി അംഗത്വം രാജിവെച്ച ശേഷം നാല് വാർഡികളിൽ സുധീറിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.
നിലവിലെ കക്ഷിനില
ആകെ സീറ്റ്- 19
സി.പി.എം- 12
സി.പി.ഐ- 02
ബി.ജെ.പി- 02
കോൺഗ്രസ്- 02
സ്വതന്ത്രൻ- 01
ഈ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം- 20
എൽ.ഡി.എഫ്
സി.പി.എം- 16
സി.പി.ഐ- 3
കേരള കോൺഗ്രസ് എം – 1
എൻ.ഡി.എ
ബി.ജെ.പി – 20
യു.ഡി.എഫ്
കോൺഗ്രസ് – 18
ആർ.എസ്.പി -1
സ്വതന്ത്രൻ – 1



