സ്വകാര്യബസിൽ യാത്രക്കാരിയായി ജോയിന്റ് ആർ.ടി.ഒ.; റൂട്ട് ലംഘിച്ച് കുതിച്ചുപാഞ്ഞ ബസ് ഡ്രൈവറുടെ…

റൂട്ട് തെറ്റിച്ച് അമിത വേഗത്തിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബസിലെ യാത്രക്കാരി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർ.ടി.ഒ) ആണെന്ന് അറിയാതെയായിരുന്നു നിയമലംഘനം. തൃപ്രയാർ-തൃശ്ശൂർ റൂട്ടിലോടുന്ന കെ.ബി.ടി. ബസിലെ ഡ്രൈവറായ ചാഴൂർ സ്വദേശി ബൈജുവിന്റെ ലൈസൻസാണ് ഒരു മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി.വി. ബിജു സസ്പെൻഡ് ചെയ്തത്.
തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ. മഞ്ജുള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവർ ജോലി കഴിഞ്ഞ് തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ഈ ബസിൽ. ഈ ബസ് ഉൾപ്പെടെ റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയ 11 ബസുകളിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് 1,04,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഇരിങ്ങാലക്കുട, തൃപ്രയാർ മേഖലകളിൽ നിന്ന് വരുന്ന ബസുകൾ തൃശ്ശൂർ കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിച്ച് ശക്തൻ സ്റ്റാൻഡിലേക്ക് പോകേണ്ടതിന് പകരം യാത്രക്കാരെ മെട്രോ ഹോസ്പിറ്റലിന് മുന്നിൽ ഇറക്കി സ്വരാജ് റൗണ്ട് ഒഴിവാക്കി ശക്തൻ സ്റ്റാൻഡിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ നടപടി കടുപ്പിച്ചത്.

