കാസർഗോട് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം… ഒപി-അത്യാഹിത വിഭാഗങ്ങളുടെ..

കാസർഗോട് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളുടെ സംഘമാണ് ഏറ്റുമുട്ടിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇരു സംഘങ്ങളും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് കൈയ്യാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു.

തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് എട്ട് പേരെ കാസർഗോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ബാര പട്ടത്തൊടി ഷബീർ അലി (28) , ചെമ്മനാട് കൂമനടുക്കം പി ജഗദീഷ് കുമാർ (34), കീഴൂർ പടിഞ്ഞാറിലെ കണ്ടത്തിൽ ഹൗസിൽ അഹമ്മദ് ഷാനവാസ് (28) ,ചെമ്മനാട് കൂമനടുക്കം സി കെ. അജേഷ് (27), കുഞ്ഞഹമ്മദ് (34), അബ്ദുൽ ഷഫീർ ( 31), മുഹമ്മദ് അഫ്നാൻ (19) കീഴൂരിലെ സൈദ് അഫ്രീദ് (27)എന്നിവർക്കെതിരെയാണ് കേസെടുത്തത്.

അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിൽ വച്ചാണ് വഴക്ക് ഉണ്ടായത്. ഏതാണ്ട് അരമണിക്കൂറോളം ആശുപത്രിയിൽ ഒപി-അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം തടസപ്പെട്ടുവെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മുഹമ്മദ് നിസാർ പറഞ്ഞു. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും പരാതിയുണ്ട്. ആക്രമണത്തിൽ ഇരു സംഘത്തിലെ യുവാക്കൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Related Articles

Back to top button