കെടിഎം ഡ്യൂക്കിൽ പാഞ്ഞത് 140 കിലോമീറ്റർ വേഗതയിൽ; വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് വ്ലോഗർക്ക് ദാരുണാന്ത്യം.. മൃതദേഹം റോഡിൽ കിടന്നിരുന്നത് തല വേർപെട്ട നിലയിൽ

അമിത വേഗതയിലെത്തിയ കെടിഎം ഡ്യൂക്ക് മോട്ടോർസൈക്കിൾ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ‘പികെആർ വ്ലോഗർ’ എന്ന പേരിൽ അറിയപ്പെടുന്ന 18 വയസ്സുള്ള വ്ലോഗർ പ്രിൻസ് പട്ടേലാണ് മരിച്ചത്. 140 കിലോമീറ്റർ വേഗതയിൽ സൂറത്തിലെ മൾട്ടി ലെവൽ ഫ്ലൈഓവറായ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ പ്രിൻസ് ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ബൈക്കിൽ നിന്നും തെറിച്ച് വീണ യുവാവിന്‍റെ തല ശരീരത്തിൽ നിന്നും വേർപ്പെട്ട നിലയിലായിരുന്നു. ഗ്രേറ്റ് ലൈനർ ബ്രിഡ്ജിൽ നിന്നും ഇറങ്ങി വരവെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. യുവാവ് ബൈക്കിൽ നിന്നും തെറിച്ച് വീണ് പലതവണ റോഡിലൂടെ ഉരുണ്ട് ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
അമിത വേഗതയിലെത്തിയ ബൈക്ക് അപകടം നടന്ന സ്ഥലത്ത് നിന്നും ഏകദേശം 100 മീറ്ററോളം ദൂരത്തിൽ റോഡിലൂടെ നിരങ്ങി നീങ്ങിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകട സമയത്ത് പ്രിൻസ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ബൈക്കിംഗ് റീലുകളും ഫാസ്റ്റ് റൈഡിംഗ് ഉള്ളടക്കവും കൊണ്ട് സോഷ്യൽ മീഡിയയിലെ കൗമാരക്കാർക്കിടയിൽ പ്രിൻസ് വളരെ ജനപ്രിയനായിരുന്നു. സെപ്റ്റംബറിൽ ആണ് പ്രിൻസ് പുതിയ കെടിഎം ഡ്യൂക്ക് 390 ബൈക്ക് വാങ്ങുന്നത്. ബൈക്കിന് ലൈല എന്ന് പേരിട്ട് താൻ മജ്നു ആണെന്ന് വിശേഷിപ്പിച്ചുള്ള റീലുകളും അടുത്തിടെ പ്രിൻസ് ചെയ്തിരുന്നു. പുതിയ ബൈക്ക് വാങ്ങി മാസങ്ങൾക്കുള്ളിലാണ് ദാരുണമായ അപകടം സംഭവിച്ചത്. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
നാല് ദിവസം മുമ്പ്, സ്വർഗത്തിൽ പോലും ‘ലൈല’യോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന ഒരു വീഡിയോ പ്രിൻസ് പങ്കുവെച്ചിരുന്നു. ‘മജ്‌നു’ എന്ന് സ്വയം വിശേഷിപ്പിച്ച പ്രിൻസ്, മരണം മൂലമുള്ള വേർപിരിയലിന്റെ കഥ പങ്കുവെച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



