രാത്രി കാറിലെത്തിയ യുവതി അടക്കമുള്ള നാലംഗ സംഘത്തിന്റെ പരാക്രമം…വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞു…

കൊച്ചി: പറവൂർ നന്ത്യാട്ടുകുന്നത്ത് ലഹരി മാഫിയാ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ വാടക വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ഏറ്റുമുട്ടലിനിടെ യുവതിയെ ബിയർ ബോട്ടിലിനടിച്ച് തലയ്ക്ക് പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു.
ഏഴിക്കര പഞ്ചായത്തിലെ നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിലാണ് സംഭവം. രാത്രി കാറിലെത്തിയ യുവതി ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ എറിഞ്ഞ സ്ഫോടക വസ്തുക്കളിൽ ഒന്ന് പൊട്ടിപ്പോയി.
ആക്രമണത്തിനിടെ വാടക വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടി പൊലീസിനെ വിവരമറിയിച്ചു. പറവൂർ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം കാറിൽ കടന്ന് കളഞ്ഞിരുന്നു. രാത്രി 12 മണിയോടെ അതേ സംഘം വീണ്ടും തിരിച്ചെത്തി വാടക വീട്ടിലുള്ളവരുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ രണ്ടാമത്തെ സ്ഫോടക വസ്തു എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല. ബഹളത്തിനിടെ വാടക വീട്ടിൽ താമസിക്കുന്ന റോഷ്നി (25) യെ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു.



