മദ്യലഹരിയിൽ കുടുംബ ക്ഷേത്രത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്… ബന്ധുക്കളെ ആക്രമിച്ച് മണിനാഗ വിഗ്രഹം വലിച്ചെറിഞ്ഞു… സംഭവം ഹരിപ്പാട്

ഹരിപ്പാട്: മദ്യലഹരിയിൽ ക്ഷേത്രത്തിനുള്ളിൽ യുവാവിന്റെ പരാക്രമം. ചിങ്ങോലി ആയിക്കാട് പറവടക്കതിൽ കുടുംബക്ഷേത്രത്തിലാണ് ദിനേശ് എന്ന യുവാവ് മദ്യലഹരിയിൽ അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 6.30 ന് ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് ചടങ്ങ് നടന്നു വരുമ്പോഴായിരുന്നു സംഭവം. വടിയുമായി ക്ഷേത്ര മതിൽ ചാടിക്കടന്ന് മൈക്ക് സെറ്റ് ഓഫാക്കുകയും ക്ഷേത്രത്തിലെ ഫ്യൂസ് ഊരി മാറ്റുകയും ചെയ്തു. തുടർന്ന് ബന്ധുക്കളെ ആക്രമിച്ച ശേഷം സർപ്പക്കാവിലെ മണിനാഗ വിഗ്രഹമെടുത്ത് സമീപമുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വീട്ടിൽ കടന്നുചെന്ന് പ്രായമുള്ള ദമ്പതികളെ ദേഹോപദ്രവം ഏൽപ്പിച്ചു. പ്രതിയുടെ ബന്ധുവായ സ്ത്രീയുടെ മൊഴിപ്രകാരം കരീലക്കുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.



