മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്…

രാജ്യത്തെ ഏറ്റവും സമ്പന്നമായ ബ്രിഹൺ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനം. മഹാവികാസ് അഘാഡിയുമായി സഹകരിക്കേണ്ടെന്നാണ് നിലവിൽ പാർട്ടി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. സഖ്യത്തിലെ പ്രധാന പാർട്ടിയായ ശിവസേന ഉദ്ധവ് വിഭാഗം രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയുമായി സഹകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്.
ആരുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടണമെന്നത് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരാണ് തീരുമാനിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ സ്വന്തം ശക്തിയിൽ കോൺഗ്രസ് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കോൺഗ്രസ് നേതാവ് മധുകർ ചവാൻ പറഞ്ഞു. ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയും ബന്ധുവായ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) നേതാവ് രാജ് താക്കറെയും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൈകോർക്കാൻ ഒരുങ്ങുന്നതിനിടെയാണ് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നത്. വടക്കേ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരായ എംഎൻഎസിനെ നിലപാട് കാരണം കോൺഗ്രസിലെ ഒരു വിഭാഗം സഖ്യത്തിൽ രാജ് താക്കറെയെ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്നുവെന്നാണ് റിപ്പോർട്ട്.



