അത് പൊളിക്കും! യാത്രക്കാര്‍ക്കായി പുതുക്കിയ ഭക്ഷണ മെനുവുമായി എയർ ഇന്ത്യ

വിമാന യാത്രക്കാർക്ക് സന്തോഷവാർത്തയുമായി എയര്‍ ഇന്ത്യ. പുതുക്കിയ ഭക്ഷണ മെനുവുമായാണ് എയർ ഇന്ത്യ എത്തിയിരിക്കുന്നത്. മലയാളി യാത്രക്കാർക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന തരം വിഭവങ്ങളും പുതിയ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ മലബാര്‍ ചിക്കൻ കറിയും ബിരിയാണിയും ഉൾപ്പെടെ ഈ മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്. ആഭ്യന്തര-രാജ്യാന്തര സര്‍വീസുകളിൽ ഇന്ത്യൻ വിഭവങ്ങളും രാജ്യാന്തര വിഭവങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്. ഷെഫ് സന്ദീപ് കൽറയാണ് പുതിയ ഭക്ഷണ മെനു തയ്യാറാക്കിയത്. കേരള വിഭവങ്ങൾക്കൊപ്പം ജാപ്പനീസ്, കൊറിയൻ, യൂറോപ്യൻ, ഗൾഫ് വിഭവങ്ങളും മെനുവിൽ ഇടംപിടിച്ചു.

യാത്രക്കാർക്ക് എയര്‍ ഇന്ത്യ മൊബൈൽ ആപ്പിലൂടെ ഇഷ്ടപ്പെട്ട ഭക്ഷണം മുൻകൂട്ടി തിരഞ്ഞെടുക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഇഷ്ടപ്പെട്ട വിഭവങ്ങളും തിരഞ്ഞെടുക്കാം. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രത്യേകം ഓപ്ഷനുകൾ ലഭ്യമാണ്. ഡൽഹിയിൽ നിന്ന് ന്യൂയോര്‍ക്ക്, ദുബായ് തുടങ്ങിയ രാജ്യാന്തര റൂട്ടുകളിലും മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്ക്കും മുംബൈയിൽ നിന്ന് ന്യൂയോര്‍ക്കിലേയ്ക്കുമുള്ള എയർ ഇന്ത്യ വിമാനങ്ങളിലും പരിഷ്കരിച്ച മെനു എത്തിക്കഴിഞ്ഞു.

Related Articles

Back to top button