കോൺഗ്രസുകാർ തമ്മിൽ വാക്കേറ്റം….ആറ്റിങ്ങലിൽ യുഡിഎഫിലെ തർക്കം തീരുന്നില്ല…

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാനസമയം പിന്നിട്ടിട്ടും ആറ്റിങ്ങലിൽ യുഡിഎഫിലെ തർക്കം പരിഹരിക്കാനായില്ല. ഇടഞ്ഞുനിൽക്കുന്ന ആർഎസ്‍പി രണ്ടു വാർഡിൽ സ്ഥാനാർത്ഥികളെ നിർത്തി പ്രവർത്തനവും തുടങ്ങി. സ്ഥാനാർത്ഥിനിർണയം സംബന്ധിച്ച പ്രശ്‌നങ്ങൾ കോൺഗ്രസിനുള്ളിലും വലിയ ഭിന്നതകൾക്കിടയാക്കിയിട്ടുണ്ട്.

രണ്ടു വാർഡിൽ കോൺഗ്രസിന് വിമതരുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നഗരസഭാ കാര്യാലയവളപ്പിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. നാട്ടുകാർ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.

രണ്ടുഘട്ടമായാണ് ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അവസാന പട്ടിക വെള്ളിയാഴ്ച ഉച്ചയോടെയാണ് പുറത്തുവിടാനായത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

12.30 ഓടെ ഏതാനും കോൺഗ്രസ് സ്ഥാനാർഥികൾ പത്രിക സമർപ്പിക്കാൻ നഗരസഭാ കാര്യാലയത്തിലെത്തി. ഈ സമയം അവിടെ ഉണ്ടായിരുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളുമുണ്ടായി. വിഷയം സ്ഥാനാർത്ഥിനിർണയം സംബന്ധിച്ചുള്ളതല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് വാക്കേറ്റത്തിനിടയാക്കിയതെന്നും ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ അറിയിച്ചു.

Related Articles

Back to top button