മേക്കപ്പ് കഴിഞ്ഞ് മടങ്ങുന്നതിടെ വധു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, പരിക്ക്; ആശുപത്രിയിലെത്തി താലികെട്ടി വരൻ.. ആലപ്പുഴയിൽ

ആലപ്പുഴ: വിവാഹ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വധുവിനെ ആശുപത്രിക്കിടക്കയിൽ വെച്ച് താലികെട്ടി വരൻ. അതേസമയം തന്നെ മണ്ഡപത്തിൽ വിവാഹസദ്യയും വിളമ്പി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് ആശുപത്രിയിൽ വെച്ച് വിവാഹിതരായത്. അപകടം ഉണ്ടായെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടത്തണം എന്ന ആഗ്രഹം കൊണ്ട് ആയിരുന്നു ആശുപത്രിയിൽ വെച്ച് ഇവർ വിവാഹിതരായത്. അപകടത്തിൽ പരിക്കേറ്റ ആവണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ അക്കാര്യത്തിൽ ഉള്ള ആശങ്കയും ഒഴിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് ഷാരോണിന്റെയും ആവണിയുടെയും വിവാഹം തീരുമാനിച്ചിരുന്നത്. അതിനിടെയാണ് വാഹനാപകടത്തിൽ ആവണിക്ക് പരിക്കേൽക്കുന്നത്. ആവണി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി ആണ് ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ വധുവിനെ കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്. അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കൾ ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു.

എന്നാൽ വധുവിന് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ എല്ലാവർക്കും ആശ്വാസമായി. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ വെച്ചുതന്നെ താലികെട്ടാമെന്ന തീരുമാനിച്ചത്. തുടർന്ന് താലികെട്ട് നടക്കുകയും ചെയ്തു. ആശുപത്രിയിൽ വെച്ച് ഷാരോൺ ആവണിയുടെ കഴുത്തിൽ താലി ചാർത്തിയ സമയം തന്നെ ഓഡിറ്റോറിയത്തിൽ സദ്യയും വിളമ്പി. അപകടത്തിൽ ആവണിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സർജറി നടക്കും. ആവണിയുടെ കൂടെ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button