ചെങ്കോട്ട സ്ഫോടനത്തിലെ മാസ്റ്റർ മൈൻഡ്, മുസമ്മലിനെ നിയന്ത്രിച്ച ‘ഉകാസ’.. ആരെന്ന് കണ്ടെത്തി അന്വേഷണ സംഘം…

രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിലെ മാസ്റ്റര്‍ മൈൻഡ് എന്ന് കരുതപ്പെടുന്ന ‘ഉകാസ’യെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന. കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലാണ് ‘ഉകാസ’ എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 28 കാരനായ ഇയാൾ 2012 ൽ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ രാജ്യം വിട്ടെന്നാണ് സൂചന.
രാമേശ്വരം കഫേ, മംഗളൂരു, കൊയമ്പത്തൂര്‍ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ പ്രതികളെ വിദേശത്തിരുന്ന് നിയന്ത്രിച്ചത് ഫൈസലായിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ മുസമ്മിലിനെ നിയന്ത്രിച്ചിരുന്ന ഉകാസയും ഇയാൾ തന്നെയാണെന്നാണ് ദേശീയ അന്വഷണ ഏജൻസി കണക്കുകൂട്ടുന്നത്. ഇയാൾ തന്നെയാണ് വൈറ്റ് കോളർ ഭീകര സംഘത്തെയും നിയന്ത്രിച്ചിരുന്നത് എന്നും സൂചനയുണ്ട്.
അതേസമയം ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയതായി സംശയമുണ്ട്. പിടിയിലായ മുസമ്മിൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നതിന്റെ ചില സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐ എസ് ശാഖയായ അൻസാർ ഗസ്വാത് അൽഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചതെന്ന് വ്യക്തമായി.
അതേസമയം ചെങ്കോട്ട സ്ഫോടന കേസിൽ എൻ ഐ എ ഇന്നലെ അറസ്റ്റ് ചെയ്ത നാല് പേരെ കോടതി ചോദ്യം ചെയ്യാൻ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഡോ. മുസമ്മിൽ ഷഹീൻ, ഡോ. അദീൽ അഹമ്മദ്, വനിതാ ഡോ. ഷഹീൻ സയ്ദ്, മുഫ്തി ഇർഫാൻ അഹമ്മദ് എന്നിവരെയാണ് പത്ത് ദിവസം ചോദ്യം ചെയ്യാൻ എൻ ഐ എക്ക് കസ്റ്റഡി അനുവദിച്ചത്. പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എൻ ഐ എ ആവശ്യപ്പെട്ടത്. നേരത്തെ അമീർ റാഷിദ് അലി, ജസീർ ബിലാ വാനി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ആകെ 6 പേരുടെ അറസ്റ്റാണ് ഇതുവരെ കേസിൽ എൻ ഐ എ രേഖപ്പെടുത്തിയത്.



