കത്തോലിക്കാ ദേവാലയത്തിലെ ആദ്യ വനിതാ കൈക്കാരി.. സുജ മൂന്നാം അങ്കത്തിനിറങ്ങുന്നത് ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക്…

ആലപ്പുഴ: ‌കേരളത്തിൽ ആദ്യമായി കത്തോലിക്കാ ദേവാലയത്തിലെ വനിതാ കൈക്കാരി(ട്രസ്റ്റി)യായി വാർത്തകളിൽ നിറഞ്ഞ യുവതി ഇക്കുറിയും തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക്. പൂങ്കാവ് വടക്കൻപറമ്പ് വീട്ടിൽ സുജാ അനിലാണ് മൂന്നാമങ്കത്തിന് തയ്യാറെടുക്കുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് ആര്യാട് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് സുജാ അനിൽ.

സുജാ അനിലിന് ഇത് മൂന്നാം മത്സരമാണ്. 2015-2020 വർഷത്തേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിലേക്കാണ് ആദ്യം മത്സരിച്ചത്. കന്നിയങ്കത്തിൽ വിജയം സുജയ്ക്കൊപ്പമായിരുന്നു. കഴിഞ്ഞതവണ പാതിരപ്പള്ളി ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇക്കഴിഞ്ഞ മാർച്ചിലാണ് പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ പള്ളിയിൽ കൈക്കാരിയായത്.

നിലവിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കോൺഗ്രസിന്റെ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയുമാണ് സുജ. 19 വർഷമായി പ്രാദേശിക ചാനലിലെ വാർത്താ അവതാരകകൂടിയാണ് ഈ യുവതി.

Related Articles

Back to top button