തഹസിൽദാറുടെ ഫോൺകോൾ വന്നതിന് പിന്നാലെ ബിഎൽഒ കുഴഞ്ഞുവീണ് മരിച്ചു

തഹസിൽദാറുടെ ഫോൺകോൾ വന്നതിന് പിന്നാലെ ബിഎൽഒ കുഴഞ്ഞുവീണ് മരിച്ചു. രാജസ്ഥാനിലാണ് എസ്‌ഐആർ ജോലിക്കിടെ ഹൃദയാഘാതം മൂലം ബിഎൽഒ മരിച്ചത്. സവായ് മാധോപൂർ ജില്ലയിൽ ഇന്നലെ രാവിലെ തഹസിൽദാറുടെ ഫോൺകോൾ വന്ന് മിനിറ്റുകൾക്കുള്ളിലാണ് ബിഎൽഒ മരിച്ചതെന്ന് കുടുംബം പറഞ്ഞു. രാജ്യത്ത് ഈ മാസം മാത്രം കുറഞ്ഞത് നാല് ബിഎൽഒമാരാണ് എസ്ഐആർ സമ്മർദ്ദം മൂലം മരിക്കുന്നത്.
സേവ്തി ഖുർദ് സർക്കാർ സ്‌കൂളിലെ ഗ്രേഡ്-3 അധ്യാപകനായ ഹരിറാം എന്ന ഹരിഓം ഭൈരവ (34) ആണ് മരിച്ചത്. തഹസിൽദാറുടെ ഫോൺകോൾ വന്നതിന് പിന്നാലെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.
എസ്‌ഐആർ ജോലിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഹരിറാമിന് മേൽ അമിത സമ്മർദം ചെലുത്തിയിരുന്നുവെന്നും ഇതുമൂലം കഴിഞ്ഞ ആറ് ദിവസമായി ഇയാൾ കടുത്ത സമ്മർദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ജോലിഭാരം കാരണം ഇയാൾ വീട്ടുകാരോട് പോലും സംസാരിക്കാറില്ലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.
തഹസിൽദാർ എന്താണ് പറഞ്ഞത് എന്നറിയില്ലെന്നും ഫോൺ വന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഹരിറാം കുഴഞ്ഞുവീണെന്നും പിതാവ് ബ്രിജ്‌മോഹൻ ബൈരവ പറഞ്ഞു. അതേസമയം ആരോപണങ്ങൾ തഹസിൽദാർ നിഷേധിച്ചു. മേലുദ്യോഗസ്ഥരുടെ നിർദേശങ്ങൾ ഹരിറാമിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.



