ആയിരം കിലോമീറ്റർ യാത്രയുമായി സിപിഎം, ചെറു ജാഥകൾ വേറെയും…

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നതിനിടെ പശ്ചിമ ബംഗാളിൽ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് സിപിഎം ആയിരം കിലോമീറ്റർ നീളുന്ന ബംഗ്ലാ ബചാവോ യാത്ര സംഘടിപ്പിക്കും. ഈ മാസം 29 ന് ആരംഭിക്കുന്ന യാത്ര 19 ദിവസം നീണ്ടുനിൽക്കും. മുഹമ്മദ് സലിം, സുജൻ ചക്രവർത്തി അടക്കം മുൻനിര നേതാക്കളെ അണിനിരത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. കൂച് ബിഹാർ ജില്ലയിലെ തുഫാൻഗഞ്ചിൽ നിന്ന് തുടങ്ങുന്ന യാത്ര, 11 ജില്ലകളിലൂടെ സഞ്ചരിച്ച നോർത്ത് 24 പർഗനാസ് ജില്ലയിലെ കമർഹതിയിൽ ഡിസംബർ 17 ന് സമാപിക്കും.
ഇതോടൊപ്പം യാത്ര പ്രവേശിക്കാത്ത മറ്റ് ജില്ലകളിൽ നിന്ന് ചെറുയാത്രകൾ കമർഹതിയിൽ സമാപിക്കും. മീനാക്ഷി മുഖർജിയുടെ നേതൃത്വത്തിലാണ് ഇതിലൊരു ചെറുയാത്ര സംഘടിപ്പിക്കുന്നത്. ജൽപാൽഗുരി, ഡാർജിലിങ്, ഉത്തർ ദിനാജ്പുർ, ദക്ഷിൺ ദിനാജ്പുർ, മാൾഡ, മുർഷിദാബാദ്, നദിയ, ഹൂഗ്ലി, ഹൗറ, നോർത്ത് 24 പർഗനാസ് ജില്ലകളെ ബന്ധിപ്പിച്ചുള്ളതാണ് പ്രധാന യാത്ര.




