9 കുട്ടികളടക്കം 3 തലമുറ, ഒരു കുടുംബത്തിലെ 18 പേരുടെ ജീവനെടുത്ത് സൗദി ബസ് അപകടം.. ദാരുണാന്ത്യം ഇന്ത്യയിലേക്ക്…

സൗദിയിൽ ഇന്ത്യൻ ഉംറ തീർത്ഥാടകർ വാഹനപകടത്തിൽ മരിച്ചതിന്‍റെ നടുക്കത്തിലാണ് രാജ്യം. ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 18 പേരും മരിച്ചവരിൽ ഉണ്ടെന്നതാണ് പുറത്ത് വരുന്ന വിവരം. ഇതിൽ 9 പേരും കുട്ടികളാണ്. ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിച്ച ഇവരുടെ കുടുംബാംഗമായ മുഹമ്മദ് ആസിഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുഹമ്മദ് ആസിഫിന്‍റെ സഹോദരി ഭർത്താവ്, ഭാര്യ സഹോദരൻ, അവരുടെ മകൻ, മൂന്ന് പെൺമക്കൾ എന്നിവരടക്കം 18 പേരാണ് അപകടത്തിൽ മരിച്ചത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള കുടുംബം ശനിയാഴ്ച തിരിച്ചെത്താനിരിക്കെയാണ് ദാരുണമായ ദുരന്തം സംഭവിച്ചത്.മരണപ്പെട്ടവരിൽ ബന്ധുക്കളായ നസീറുദ്ദീൻ (70), ഭാര്യ അക്തർ ബീഗം (62), മകൻ സലാവുദ്ദീൻ (42), പെൺമക്കളായ ആമിന (44), റിസ്വാന (38), ഷബാന (40), അവരുടെ കുട്ടികൾ എന്നിവരെ തിരിച്ചറിഞ്ഞതായി ആസിഫ് പറഞ്ഞു. ‘ഒമ്പത് മുതിർന്നവരും ഒമ്പത് കുട്ടികളുമടക്കം 18 പേരെയാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. എട്ട് ദിവസം മുമ്പാണ് അവ‍ർ ഉംറക്കായി പോയതെന്നും, ഉംറ കഴിഞ്ഞ് മദീനയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചതെന്നും’ ആസിഫ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസ് ടാങ്ക‍ർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ് സ്വദേശികളായ 42 പേരാണ് അപകടത്തിൽപ്പെട്ടത്. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.

Related Articles

Back to top button