കെ ബാബുവിനെതിരെയുള്ള കേസ് പിൻവലിച്ച് എം സ്വരാജ്

തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. സുപ്രീംകോടതിയിലെ ഹർജിയാണ് സ്വരാജ് പിൻവലിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലാണ് എം സ്വരാജ് പിൻവലിച്ചത്. അപ്പീൽ അപ്രസക്തമായെന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിച്ചു.
ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കി. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ചതിന് എതിരെ സ്വരാജ് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സ്വരാജിനെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ ബാബു 992 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ ബാബു തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചെന്നായിരുന്നു സ്വരാജിന്റെ ആരോപണം. തിരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചുവെന്നാണ് സ്വരാജ് ഹർജിയിൽ ആരോപിച്ചിരുന്നത്. കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നും സ്വരാജ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. മതം ഉപയോഗിച്ച് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം നടത്തിയെന്നായിരുന്നു സ്വരാജിന്റെ വാദം.


