യുഡിഎഫിന് തിരിച്ചടി.. മേയർ സ്ഥാനാർത്ഥിയായ സംവിധായകൻ വി എം വിനുവിന് വോട്ടില്ല

കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായ സംവിധായകൻ വി എം വിനുവിന് വോട്ടില്ല. കല്ലായി ഡിവിഷനിൽനിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാൽ ഇതിന് തിരിച്ചടിയാകുന്നതാണ് വിനുവിന് വോട്ടില്ലെന്ന വിവരം.
കഴിഞ്ഞ 45 വർഷമായി താൻ വോട്ട് രേഖപ്പെടുത്തുന്ന വ്യക്തിയാണെന്നും, ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ തന്റെ വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നും വി.എം. വിനു രോഷത്തോടെ ചോദിച്ചു. “ഇതൊരു ജനാധിപത്യ രാജ്യമാണോ?” എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
ഓരോ തിരഞ്ഞെടുപ്പിലും തനിക്ക് വോട്ടുണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കേണ്ട കാര്യമില്ല. കല്ലായി വാർഡിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ച സമയം മുതൽ തൻ്റെ വോട്ട് നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. കോടതിയും നിയമവ്യവസ്ഥയും നിലവിലുണ്ട്. നാളെ മുതൽ കോഴിക്കോട്ടെ എല്ലാ വാർഡുകളിലും ഇറങ്ങി പ്രചാരണം നടത്തും. സെപ്റ്റംബറിൽ പുറത്തിറങ്ങിയ വോട്ടർ പട്ടികയിൽ തൻ്റെ പേരുണ്ടോ എന്ന് തനിക്കറിയില്ലെന്നും വി.എം. വിനു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ വോട്ടർ പട്ടികയിൽ തൻ്റെ പേര് ഒഴിവാക്കപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
വി എം വിനുവിന് വോട്ടില്ലാത്തത് അസാധാരണമായ സംഭവമാണെന്ന് ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാർ പറഞ്ഞു. വിനുവിന് വോട്ടർ ഐഡിയുണ്ട്. എന്നാൽ വോട്ടില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു. വിനുവിന് വോട്ടില്ലാത്തതിന്റെ പൂർണ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനാണ്. മറ്റ് സംസ്ഥാനങ്ങളെ വെല്ലുന്ന വോട്ടചോരിയാണ് കേരളത്തിൽ നടക്കുന്നത്. ഇന്ന് തന്നെ കളക്ടറെ കാണും. നാളെ രാവിലെ ഹൈക്കോടതിയെ സമീപിക്കും. സിപിഐഎമ്മിന് ജയിക്കാൻ വേണ്ടി കരുതിക്കുട്ടി നടത്തിയ നാടകമാണിതെന്നും പ്രവീൺ കുമാർ പറഞ്ഞു.


