ഛിന്നഗ്രഹങ്ങളെയും ബഹിരാകാശ അവശിഷ്‌ടങ്ങളെയും പിടിക്കാൻ ഭീമൻ ‘ക്യാപ്‌ചർ ബാഗുകളുമായി’ ട്രാൻസ്ആസ്ട്ര

ബഹിരാകാശ ഖനനമെന്ന ലക്ഷ്യത്തിലേക്ക് ഒരു സുപ്രധാന ചുവടുവെയ്‌പ്പായി, അമൂല്യലോഹങ്ങളുള്ള ഛിന്നഗ്രഹങ്ങളെയും മനുഷ്യനിർമ്മിത ബഹിരാകാശ അവശിഷ്ടങ്ങളെയും പിടിച്ചെടുക്കാൻ കഴിയുന്ന നൂതനമായ ‘ക്യാപ്‌ചർ ബാഗ്’ സാങ്കേതികവിദ്യയുമായി ട്രാൻസ്ആസ്ട്ര എന്ന ടെക് സ്റ്റാർട്ടപ്പ് രംഗത്ത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഈ കമ്പനി വികസിപ്പിച്ചെടുത്ത, വായു നിറയ്‌ക്കാൻ സാധിക്കുന്ന ഭീമൻ കവചങ്ങൾ ഭാവിയിൽ ഛിന്നഗ്രഹ ഖനനത്തിനും ബഹിരാകാശ ശുചീകരണ ദൗത്യങ്ങൾക്കും നിർണായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രാൻസ്ആസ്ട്രയുടെ ക്യാപ്‌ചർ ബാഗ്: പ്രത്യേകതകൾ

കെവ്‌ലർ, അലുമിനിയം തുടങ്ങിയ ബഹിരാകാശ-ഗ്രേഡ് വസ്‌തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു. ചെറുതും വലുതുമായ ഛിന്നഗ്രഹങ്ങളെയും ഉപഗ്രഹങ്ങളുടെയും മറ്റ് മനുഷ്യനിർമ്മിത പേടകങ്ങളുടെയും അവശിഷ്ടങ്ങളെയും പിടിച്ചെടുക്കാൻ സാധിക്കും. ഒരു കോഫി കപ്പിന്റെ വലുപ്പമുള്ള മൈക്രോ ബാഗുകൾ മുതൽ 10,000 ടൺ ഭാരമുള്ള ഛിന്നഗ്രഹത്തെ ഉൾക്കൊള്ളാൻ ശേഷിയുള്ള സൂപ്പർ ജംബോ ബാഗുകൾ വരെ ആറ് വലിപ്പങ്ങളിൽ ലഭ്യമാണ്.

അതിവേഗത്തിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങൾക്ക് അടുത്തായി ഈ ഇൻഫ്ലറ്റബിൾ ബാഗ് വിന്യസിക്കുകയും, അവയെ സുരക്ഷിതമായി ബാഗിനുള്ളിലാക്കി പിടിച്ചെടുക്കുകയും ചെയ്യുന്നു. തുടർന്ന്, ഈ വസ്തുക്കളെ നിയന്ത്രിത രീതിയിൽ ഭൂമിയിലേക്ക് എത്തിക്കുകയോ അല്ലെങ്കിൽ ബഹിരാകാശത്ത് തന്നെ ഉപയോഗിക്കുകയോ ചെയ്യാനാണ് പദ്ധതി.

മനുഷ്യൻ വിക്ഷേപിച്ച ആയിരക്കണക്കിന് ബഹിരാകാശ അവശിഷ്ടങ്ങൾ നിലവിലെ ദൗത്യങ്ങൾക്ക് വലിയ ഭീഷണിയാണ്. ട്രാൻസ്ആസ്ട്രയുടെ ഈ സാങ്കേതികവിദ്യ ഈ അവശിഷ്ടങ്ങളെ സുരക്ഷിതമായി നീക്കം ചെയ്യാനും, ഭാവിയിലെ ബഹിരാകാശ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ, ബഹിരാകാശ ഖനനത്തിനായി ഛിന്നഗ്രഹങ്ങൾ പിടിച്ചെടുക്കാനുള്ള സ്റ്റാർട്ടപ്പുകളുടെ ശ്രമങ്ങൾക്ക് ഇത് ഒരു വഴിത്തിരിവായേക്കാം.

പിടിച്ചെടുക്കുന്ന വിഭവങ്ങൾ ഭൂമിയിലേക്ക് കൊണ്ടുവരുന്നത് സാമ്പത്തികമായി ലാഭകരമല്ലാത്തതിനാൽ, ഭാവിയിലെ ബഹിരാകാശ പേടകങ്ങൾ, ഇന്ധന സ്റ്റേഷനുകൾ, ബഹിരാകാശ കോളനികൾ എന്നിവ നിർമ്മിക്കാൻ ഈ വസ്തുക്കൾ ഉപയോഗപ്പെടുത്താമെന്ന് കമ്പനി കരുതുന്നു. വഴക്കമുള്ള രൂപകൽപ്പനയും വലിയ ശേഷിയും കാരണം, ബഹിരാകാശ അവശിഷ്ടങ്ങൾ പിടിച്ചെടുക്കുന്ന സാങ്കേതികവിദ്യകളിലെ ഏറ്റവും നൂതനമായ ആശയങ്ങളിലൊന്നാണ് ഈ ക്യാപ്‌ചർ ബാഗ്.

Related Articles

Back to top button