ബീഫ് ബർഗർ കഴിച്ച് 47 വയസുകാരൻ മരണപ്പെട്ട സംഭവം; യുവാവിനെ ബാധിച്ചത്…

ബീഫ് ബർഗർ കഴിച്ച ന്യൂജേഴ്‌സി സ്വദേശിയായ 47 കാരൻ മരിച്ചത് ആൽഫാ-ഗാൽ സിൻഡ്രോം മൂലമെന്ന് കണ്ടെത്തൽ. 2024-ലായിരുന്നു സംഭവം. എന്നാൽ യുവാവിന്റെ മരണകാരണം അജ്ഞാതമായി തുടരുകയായിരുന്നു. നീണ്ടകാലത്തെ പഠനത്തിന് ശേഷമാണ് മരണ കാരണം കഴിഞ്ഞ ദിവസം തിരിച്ചറിയുന്നത്. ഹൃദയാഘാതത്തിന്റെയോ മറ്റ് ജീവന് ഭീഷണിയായതിന്റെയോ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കേസ് ഒരു ദുരൂഹതയായി തുടരുകയായിരുന്നു.
ചെള്ള് കടിയിലൂടെ പകരുന്ന അത്യപൂർവ്വമായ അലർജിയാണ് ആൽഫാ-ഗാൽ സിൻഡ്രോം. ഒരു ഹോട്ടലിൽ നിന്നും ബീഫ് ബർഗർ കഴിച്ചതിന് പിന്നാലെയാണ് 47 കാരന് ത്രീവമായ അലർജി അനുഭവപ്പെട്ടത്. ബർഗർ കഴിച്ച് ഏതാനും മണിക്കൂറുകൾക്ക് പിന്നാലെ ഇദ്ദേഹം ഛർദ്ദിക്കാൻ തുടങ്ങി. പിന്നാലെ മരണപ്പെടുകയായിരുന്നു.
പരിശോധനയിൽ ഹൃദയം, ശ്വാസകോശം, കരൾ, നാഡീവ്യൂഹം, വയറിലെ അവയവങ്ങൾ എന്നിവയിലൊന്നും കാര്യമായ തകരാറുകൾ കണ്ടെത്താനായില്ല. ഒടുവിൽ മരണപ്പെട്ട യുവാവിന്‍റെ ഭാര്യയുടെ സുഹൃത്തായ ഡോ. എറിൻ മക്‌ഫീലി സംശയം തോന്നി വിർജീനിയയിലെ യുവിഎ ഹെൽത്തിലെ ഗവേഷകരുമായി ബന്ധപ്പെട്ടു. ഇവർ ഓട്ടോപ്‌സി റിപ്പോർട്ട് പരിശോധിച്ചതോടെയാണ് മരണത്തിൽ റെഡ് മീറ്റ് അലർജിയായ ആൽഫാ-ഗാൽ സിൻഡ്രോം(എജിഎസ്) കാരണമാണെന്ന് കണ്ടെത്തുന്നത്.
ചിലയിനം ചെള്ളുകൾ കടിക്കുന്നതിനു പിന്നാലെയാണ് പ്രതിരോധ സംവിധാനം റെഡ് മീറ്റിനും പാലുത്പന്നങ്ങൾക്കും എതിരായി പ്രവർത്തിക്കുക. പ്രധാനമായും ലോൺ സ്റ്റാർ ടിക്ക് എന്നയിനം ചെള്ള് കടിച്ച് അതിലെ ആൽഫാ-ഗാൽ തന്മാത്രകൾ മനുഷ്യ ശരീരത്തിലേക്ക് എത്തുമ്പോഴാണ് എജിഎസ് അലർജി ഉണ്ടാകുന്നത്. ഈ അലർജി ഉള്ളവർ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി തുടങ്ങിയവ കഴിച്ചാൽ തീവ്രമായ അലർജി ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ ആൽഫാ-ഗാൽ സിൻഡ്രോമിന് പ്രത്യേകിച്ച് ചികിത്സയില്ല. രോഗം സ്ഥിരീകരിച്ചാൽ, എല്ലാ മാംസ ഉൽപ്പന്നങ്ങളും ഒഴിവാക്കുക എന്നതാണ് ശാസ്ത്രജ്ഞർ നൽകുന്ന പ്രധാന നിർദ്ദേശം.
സസ്തനികളിൽ നിന്നുള്ള മാംസവും മറ്റ് ഉത്പന്നങ്ങളുമാണ് അലർജിക്കിടയാക്കുന്നത്. ലോൺ സ്റ്റാർ ടിക്ക് എന്ന ചെള്ളിന്റെ കടിക്കു പിന്നാലെ ഈ അലർജി സ്ഥിരീകരിച്ച സംഭവങ്ങൾ നേരത്തെ അമേരിക്കയിൽ നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മരണം സംഭവിക്കുന്നത് ആദ്യമായാണ്. ലോൺ സ്റ്റാർ ടിക്ക് കടിക്കുന്നതിലൂടെ ആൽഫാ-ഗാൽ എന്ന മോളിക്യൂൾ മനുഷ്യശരീരത്തിലെത്തുകയും ഇത് അലർജിക്ക് കാരണമാവുകയുമാണ് ചെയ്യുന്നത്. മാനുകളിലൂടെയാണ് ഈ ചെള്ള് എത്തുന്നത്.
അതേസമയം യുവാവിന്റെ റിപ്പോർട്ടിൽ ടോക്സിക്കോളജിയിൽ രക്തത്തിൽ 0.049% എത്തനോൾ, 440 ng/mL ഡൈഫെൻഹൈഡ്രാമൈൻ അളവ് എന്നിവ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിന്റെ നിഗമനം പെട്ടെന്നുള്ള വിശദീകരിക്കാനാകാത്ത മരണം എന്നാണ്. ആൽഫ-ഗാളിന് ചികിത്സയില്ല എന്നത് ശ്രദ്ധേയമാണ്, പക്ഷേ അത് ഉണ്ടെന്ന് സംശയിക്കുന്ന ഒരാൾക്ക് പരിശോധന നടത്താവുന്നതാണ്. ഈ അവസ്ഥയുള്ള ആളുകൾ എല്ലാ മാംസ ഉൽപ്പന്നങ്ങളും ഒഴിവാക്കണമെന്ന് ശാസ്ത്രജ്ഞർ ശുപാർശ ചെയ്യുന്നു.



