കുടിക്കാനും കുളിക്കാനും വെള്ളം എടുക്കുന്ന കിണറ്റിൽ വീണത്… ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടി..

മലപ്പുറത്ത് കിണറ്റിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. മലപ്പുറം ജില്ലാ ട്രോമാ കെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റാണ് പാമ്പിനെ പിടികൂടിയത്. രാത്രി ഇര പിടിക്കാനെത്തിയ പാമ്പ് അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന് ട്രോമാകെയർ പ്രവർത്തകർ പറഞ്ഞു. പാമ്പ് കിണറ്റിലൂടെ നീന്തി കളിക്കുകയായിരുന്നു. പാണ്ടിക്കാട് വെട്ടിക്കാട്ടിരി ചുങ്കത്തകുന്ന് സ്വദേശിയായ പുരക്കൽ പ്രദീപ് വീടിനോട് ചേർന്നുള്ള ആഴമില്ലാത്ത കിണറ്റിലാണ് പാമ്പ് വീണത്.
വീട്ടുകാർ കുടിക്കാനും കുളിക്കാനും ഏതു സമയങ്ങളിലും വെള്ളം കോരി ഉപയോഗിക്കുന്ന കിണറ്റിലാണ് പാമ്പ് അകപ്പെട്ടത്. ഇന്നലെ രാത്രി വീട്ടുകാർ കിണറ്റിൽ നിന്നും വെള്ളം കോരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ വീട്ടുകാർ വെള്ളം കോരുന്നതിനിടയിൽ എന്തോ ശബ്ദം കിണറ്റിൽ നിന്നും കേട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂർഖൻ പാമ്പ് വെള്ളത്തിനു മുകളിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പാമ്പ് വെള്ളത്തിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് കണ്ടെന്ന് വീട്ടുകാർ പറഞ്ഞു. തുടർന്ന് ഇവർ നിലമ്പൂർ കേരള വനം വകുപ്പ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടുകാർക്ക് പാണ്ടിക്കാട് റെസ്ക്യൂവർ ആയ മുജീബ് പാണ്ടിക്കാടിൻറെ നമ്പർ നൽകി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ട്രോമാകെയർ പ്രവർത്തകനും കേരള വനം വകുപ്പ് സ്നേക്ക് സർപ്പ റെസ്ക്യൂവർ ആയ മുജീബ് പാണ്ടിക്കാടിൻറെ നേതൃത്വത്തിൽ ട്രോമാകെയർ പ്രവർത്തകരായ അസീസ് വളരാട്, സക്കീർ കാരായ എന്നിവർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കിണറ്റിൽ നിന്നും മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി.
പരിസരത്ത് പാമ്പിന്റെ ശല്യമുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനുമുൻപും ഇവിടെ നിന്ന് പാമ്പിനെ പിടികൂടിയിട്ടുണ്ട്. പാമ്പിനെ ഇന്ന് ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്ന് സ്നേക്ക് സർപ്പ റെസ്ക്യൂവർ മുജീബ് പാണ്ടിക്കാട് പറഞ്ഞു.




