വണ്‍സൈഡ് പ്രണയത്തെ ചൊല്ലി തർക്കം.. 23കാരനെ കൊലപ്പെടുത്തി.. അഞ്ച് പേര്‍ പിടിയില്‍….

വണ്‍സൈഡ് പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 23കാരനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍. ഡല്‍ഹി ഗോവിന്ദ്പുരി സ്വദേശിയായ റോഷനെയാണ് അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വണ്‍സൈഡ് പ്രണയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് ഇവര്‍ കയ്യാങ്കളിയിലേക്കെത്തിയതെന്നാണ് പൊലീസ് ഭാഷ്യം.
സംഭവം നടന്നയുടനെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍ വന്നിരുന്നു. പ്രവാദി എക്ത ക്യാമ്പിന് സമീപം ഒരാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നുണ്ട് എന്നായിരുന്നു ഫോണിലെ വിവരം. ഉടനെ സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം രക്തത്തില്‍ കുളിച്ചുകിടക്കുന്ന മനുഷ്യനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തെന്നും ഓഫീസര്‍ പറഞ്ഞു.
‘പ്രതികളെ പിടികൂടുന്നതിനായി ഒന്നിലധികം സംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തു. സിസിടിവിയില്‍ കൃത്യത്തില്‍ അഞ്ച് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതാണ്.’ പൊലീസ് കൂട്ടിച്ചേര്‍ത്തു.പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രിന്‍സ് വര്‍മയെയും അമാന്‍ ഏലിയസ് എന്നിവരെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് കേസില്‍ കൂട്ടാളികളായ ബാക്കിയുള്ളവരിലേക്കും പൊലീസ് എത്തിച്ചേര്‍ന്നത്. നീരജ്(18), ആഷിഷ്(18), അംഗദ്(19) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. തന്റെ കാമുകിയോട് റോഷന്‍ താത്പര്യം കാണിക്കുന്നുണ്ടെന്ന് തോന്നിയതോടെ താനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ചോദ്യം ചെയ്യലിനിടെ പ്രിന്‍സ് സമ്മതിച്ചു. റോഷനെ കുത്തിയെന്ന് ബാക്കിയുള്ളവരും കുറ്റസമ്മതം നടത്തുകയായിരുന്നു .



