മാലിന്യം നീക്കുന്നതിനിടെ നിലത്ത് തിളങ്ങുന്ന ഒരു വസ്‌തു; ഹരിത കർമ സേനാംഗങ്ങൾക്ക് കിട്ടിയത്..

അപ്രതീക്ഷിതമായി റോഡിൽ നിന്ന് ലഭിച്ച രത്‌നക്കല്ലുകൾ പതിച്ച മൂക്കുത്തി ഉടമയെ കണ്ടെത്തി തിരിച്ച് നൽകി ഹരിത കർമ സേനാംഗങ്ങൾ. കോഴിക്കോട് കോർപറേഷന് കീഴിലെ ഹരിത കർമ സേനാംഗങ്ങളായ വിജിതയ്ക്കും ബിന്ദുവിനുമാണ് വിലപിടിപ്പുള്ള മൂക്കുത്തി വീണു കിട്ടിയത്. ഇത് അവർ ഉടമയ്ക്ക് തിരിച്ചു നൽകുകയായിരുന്നു. വെസ്റ്റ്ഹിൽ ഒന്നാം സർക്കിളിലെ 68ാം വാർഡിൽ മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഇവർക്ക് മൂക്കുത്തി കളഞ്ഞുകിട്ടിയത്. റോഡിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു ഇത്. വെസ്റ്റ്ഹിൽ കനകാലയ ബാങ്കിന് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിലെ താമസക്കാരിയായ കവിത സുനിലിന്റേതായിരുന്നു ഈ ആഭരണം. എലത്തൂർ ചെട്ടികുളം സ്വദേശികളായ വിജിതയും ബിന്ദുവും പിന്നീട് മൂക്കുത്തിയുടെ ഉടമയെ കണ്ടെത്തി മൂക്കുത്തി കൈമാറി. തിരികെ ലഭിക്കില്ലെന്ന് കരുതിയ മൂക്കുത്തി തിരിച്ചുകിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് കവിത പ്രതികരിച്ചു.



