തെങ്ങോല വൈദ്യുതി ലൈനിൽ തട്ടി… തീപ്പൊരി വീണത് കയർ സൊസൈറ്റിയിൽ, വൻ അഗ്നിബാധ

വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയിൽ കയർ സൊസൈറ്റിയിൽ അഗ്നിബാധ. കൊയിലാണ്ടി അണേല കറുവങ്ങാട് ജൂബിലിയ്ക്ക് സമീപത്തെ കയർ സൊസൈറ്റിയിലാണ് തീപ്പിടിത്തമുണ്ടായത്. ചേരിക്കമ്പനിക്ക് മുകളിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. കമ്പനി പറമ്പിലെ തെങ്ങിൽ നിന്നും ഓല വൈദ്യുതി ലൈനിൽ തട്ടുകയും തീപ്പൊരിയുണ്ടാവുകയുമായിരുന്നു. ഇത് നിലത്ത് കൂട്ടിയിട്ട ചേരിക്ക് തീ പിടിക്കുന്നതിന് കാരണമായി. ഉടൻ തന്നെ കൊയിലാണ്ടിയിൽ നിന്നും മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാ വാഹനങ്ങൾ എത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ തീ പൂർണമായും അണച്ചു. സ്റ്റേഷൻ ഓഫീസർ വി.കെ ബിജുവിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.



