ശിശുദിനത്തില്‍ വൈകിയെത്തി; അധ്യാപിക നൂറ് സിറ്റ് അപ്പ് എടുപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി….

ശിശുദിനത്തില്‍ സ്‌കൂളില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അധ്യാപിക ശാരീരികശിക്ഷ നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ഹനുമന്ത് വിദ്യാമന്ദിര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കാജല്‍ ഗോണ്ടയാണ് മരിച്ചത്. വിദ്യാര്‍ത്ഥിനി എത്താന്‍ പത്ത് മിനിറ്റ് വൈകിയെന്നരോപിച്ചായിരുന്നു അധ്യാപികയുടെ ശിക്ഷ.സംഭവത്തില്‍ വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ശിക്ഷയായി വിദ്യാര്‍ത്ഥിനിയെ കൊണ്ട് നൂറ് സിറ്റ് അപ്പുകള്‍ ചെയ്യിച്ചെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അതിന് പിന്നാലെ കുട്ടിക്ക് നടുവേദനയും വളരെ ക്ഷീണവും അനുഭവപ്പെട്ടു. വീട്ടിലെത്തിയതോടെ തീരെ വയ്യാതെ വന്നപ്പോള്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ വിദ്യാര്‍ത്ഥിനി മരിച്ചു.

അധ്യാപിക നല്‍കിയ കടുത്ത ശിക്ഷയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. സ്‌കൂള്‍ ബാഗ് ധരിപ്പിച്ചായിരുന്നു അധ്യാപിക സിറ്റ് അപ്പ് ചെയ്യിച്ചതെന്നും കുടുംബം പറയുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ഉത്തരവാദികള്‍ക്കെതിരെ ക്രിമിനില്‍ കേസ് എടുക്കുന്നതുവരെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button