മുഖ്യമന്ത്രിക്കെതിരെ കമന്റ്, പ്രചാരണത്തിനിടെ സിപിഎം നേതാവിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി…

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ച് പ്രചാരണം നടത്തുന്നതിനിടെ സിപിഎം നേതാവിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി. പുല്ലമ്പാറയില്‍ സിപിഎം നേതാവ് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കും. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനുമായിരുന്ന മുത്തിപ്പാറ ബി. ശ്രീകണ്ഠന് ആണ് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്.
മുത്തിപ്പാറ വാര്‍ഡില്‍നിന്നും സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായി ബി ശ്രീകണ്ഠനെ പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയും ഇത് ഏരിയാ കമ്മിറ്റി അംഗീകരിച്ച് ജില്ലാ കമ്മിറ്റിക്ക് അയച്ചിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റി ശ്രീകണ്ഠന്റെ പേര് നീക്കം ചെയ്ത് അയക്കാന്‍ നിര്‍ദ്ദേശിച്ചു. മറ്റൊരാള്‍ക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നല്കി. ശ്രീകണ്ഠനോട് മത്സര രംഗത്തു നിന്നും പിന്മാറണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. മുത്തിപ്പാറ വാര്‍ഡില്‍ ഒരാഴ്ച വോട്ട് അഭ്യര്‍ഥിച്ച് ശ്രീകണ്ഠന് ഭവന സന്ദര്‍ശനവും നടത്തിയിരുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ശ്രീകണ്ഠനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു.
രാജിവെക്കുകയാണെന്ന് കാണിച്ച് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് കത്തു നല്‍കിയതായും മുത്തിപ്പാറ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തതായി ബി. ശ്രീകണ്ഠന് പറഞ്ഞു. പുല്ലമ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിഐടിയു മേഖലാ സെക്രട്ടറി, ഫിനീക്സ് ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



