പാലത്തായി പീഡനക്കേസ്…ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും…

കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി.
കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരനാണ് കണ്ടെത്തിയത്.
അധ്യാപകനെതിരായ പരാതി തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിനാണ് കൈമാറിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാല്‍, പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.




