അമ്മ ജോലി കഴിഞ്ഞ് വരുന്നതുവരെ ട്യൂഷന്‍ ക്ലാസിലോ അയല്‍പ്പക്കത്തെ വീടുകളിലോ… അമ്മ എത്തിയ ശേഷം.. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കും…

കാക്കൂരില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടില്‍ നിന്ന് ഇറക്കിവിട്ട അമ്മയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് റബ്ബര്‍ തോട്ടത്തിലെ വിറകുപുരയില്‍. ഭിത്തിയില്ലാതെ നാല് തൂണുകളില്‍ നില്‍ക്കുന്ന വിറകുപുരയിലാണ് അമ്മയും 11 വയസുകാരനും കഴിഞ്ഞത്. കുട്ടിയും അമ്മയും വിറകുപുരയില്‍ മാസങ്ങളായി കഴിയുന്ന വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും എത്തിയതോടെയാണ് ഇരുവരെയും വീട്ടില്‍ കയറ്റിയത്

അമ്മ ജോലി കഴിഞ്ഞ് വരുന്നതുവരെ ട്യൂഷന്‍ ക്ലാസിലോ അയല്‍പ്പക്കത്തെ വീടുകളിലോ കുട്ടി ഇരിക്കും. അമ്മ എത്തിയ ശേഷം വിറകുപുരയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഭക്ഷണം കഴിക്കും.

കുട്ടിയുടെ ബാഗില്‍ ജ്യൂസ് കുപ്പികള്‍ സ്ഥിരമായി കണ്ടതോടെ സംശയം തോന്നിയ അധ്യാപകന്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാവിലെ അമ്മ ഭക്ഷണം കഴിക്കാന്‍ നല്‍കുന്ന പണം കൊണ്ട് കുട്ടി ജ്യൂസ് വാങ്ങി കുടിക്കും. ഉച്ച ഭക്ഷണം സ്‌കൂളില്‍ നിന്നും കഴിക്കും. സംഭവം അറിഞ്ഞതോടെ അധ്യാപകര്‍ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങള്‍ മനസിലാക്കി പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിന് യുവതിയിലുള്ള സംശയമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവം അറിഞ്ഞെത്തിയ കൂത്താട്ടുകുളം പൊലീസാണ് ഇന്നലെ രാത്രിയോടെ അമ്മയെയും കുട്ടിയെയും വീട്ടില്‍ കയറ്റുന്നത്. അമ്മയ്ക്കും കുട്ടിക്കും ആവശ്യമായ താമസ സൗകര്യവും ഭക്ഷണവും നല്‍കണമെന്നും വിറകുപുര പൊളിക്കണമെന്നും പൊലീസ് വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയില്‍ നിന്ന് ശിശുക്ഷേമ സമിതി അധികൃതരും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Related Articles

Back to top button