ലോകത്തിന് അത്ഭുതമായി ചന്ദ്രയാൻ-3 വീണ്ടും പ്രവർത്തന സജ്ജം; രണ്ടു വർഷത്തിന് ശേഷം വീണ്ടും ദൃശ്യങ്ങളയച്ചു..

ചന്ദ്രയാൻ-3ന്റെ പ്രൊപ്പൽഷൻ മോഡ്യൂൾ സ്വയം വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മടങ്ങിയെത്തി. രണ്ടു വർഷങ്ങൾക്കു ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചാന്ദ്രയാൻ പേടകം ഡാറ്റകളും ഭൂമിയിലേക്ക് അയച്ചുതുടങ്ങിയതോടെ ശാസ്ത്രലോകം വിസ്മയത്തിലാണ്. ദൗത്യം പൂർത്തിയായ ശേഷം ബഹിരാകാശത്ത് നിയന്ത്രണമില്ലാതെ സഞ്ചരിക്കുകയായിരുന്നു ചന്ദ്രയാൻ-3ന്റെ പ്രൊപ്പൽഷൻ മോഡ്യൂൾ. ഇതാണ് സ്വയം ചാന്ദ്രഭ്രമണപഥത്തിൽ കടന്ന് വീണ്ടും പ്രവർത്തന സജ്ജമായിരിക്കുന്നത്. നാസയുൾപ്പെടെ ലോകത്തെ ഒരു ബഹിരാകാശ ഏജൻസിക്കും ഇതിനു മുമ്പ് ഇത്തരമൊരു അനുഭവമില്ല.
രണ്ട് വർഷങ്ങൾക്ക് ശേഷം ഐ.എസ്.ആർ.ഒയുടെ ടെലിമെട്രി പരിധിയിലേക്ക് ചന്ദ്രയാൻ-3ന്റെ പ്രൊപ്പൽഷൻ മോഡ്യൂൾ പ്രവേശിച്ചിരിക്കുന്നത്. മോഡ്യൂൾ നിർണായക ഡാറ്റ കൈമാറിത്തുടങ്ങിയെങ്കിലും, നിയന്ത്രണം ഭൂമിയിൽ നിന്ന് സാധ്യമല്ല. കാരണം, പേടകത്തെ നിയന്ത്രിക്കാൻ ആവശ്യമായ ഇന്ധനമൊന്നും ബാക്കി ഇല്ല. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുകയാണ് പേടകം.
ബഹിരാകാശത്തിലെ ചെറുതും വലിയതുമായ ഗുരുത്വാകർഷണ മാറ്റങ്ങൾ ഒരു പേടകത്തിന്റെ സഞ്ചാരപഥത്തെ എങ്ങനെ സ്വാധീനിക്കാമെന്ന് വ്യക്തമാക്കുന്ന പുതിയ പഠനങ്ങളാണ് ഇപ്പോൾ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. പേടകത്തിന്റെ തുടർചലനങ്ങൾ നിരീക്ഷണത്തിലാണ്.



