‘എനിക്കറിയാവുന്ന എന്‍ വാസു സത്യസന്ധനായ വ്യക്തി’.. പിന്തുണച്ച് കടകംപളളി സുരേന്ദ്രന്…

ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ പിന്തുണച്ച് മുന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് രംഗത്ത്. തനിക്കറിയാവുന്ന എന്‍ വാസു വളരെ സത്യസന്ധനായ വ്യക്തിയാണെന്നും വാസു പ്രസിഡന്റായിരുന്ന കാലത്തല്ല ഫയല്‍ ഒപ്പിട്ടതെന്നും കടകംപളളി സുരേന്ദ്രന് പറഞ്ഞു. ഹൈക്കോടതി നേരിട്ട് നിയോഗിച്ച അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും കുറ്റവാളി ആരായിരുന്നാലും അവര്‍ സ്വാഭാവികമായും ശിക്ഷിക്കപ്പെടുമെന്നും കടകംപളളി വ്യക്തമാക്കി.
‘വാസു കമ്മീഷണറായിരുന്ന കാലത്ത് ഒരു ഫയല്‍ ഒപ്പിട്ടതിനാലാണല്ലോ പ്രതിയായത്. വാസു പ്രസിഡന്റായിരുന്ന കാലത്തല്ല ഒപ്പിട്ടത്. അദ്ദേഹം സത്യസന്ധനായ വ്യക്തിയാണ്. ബോര്‍ഡിലെ ദൈനംദിന കാര്യങ്ങള്‍ മന്ത്രി അറിയേണ്ടതില്ല. അതൊന്നും ദേവസ്വം മന്ത്രിയുടെ മുന്നില്‍ വരാറുമില്ല. ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ ഏറ്റവും നന്നായി നടത്തുക എന്നുളളതാണ് സര്‍ക്കാരിന്റെ മുന്നിലുളളത്. അത് സര്‍ക്കാര്‍ നന്നായി ചെയ്തുവരുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നുണ്ട്’, കടകംപളളി കൂട്ടിച്ചേർത്തു.
അതേസമയം സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ എന്‍ വാസു നിലവിൽ റിമാൻഡിലാണ്. ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്.



