കാറിന്റെ പിൻസീറ്റിൽ സ്‌ഫോടക വസ്തുക്കൾ അടങ്ങിയ ബാഗ്.. സ്‌ഫോടനത്തിന് മുമ്പ് ഉമർ നബി എത്തിയത്..

ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയ ഭീകരൻ ഉമർ നബി ഡൽഹിയിലെത്തി, സ്‌ഫോടനത്തിന് മുമ്പ് പള്ളി സന്ദർശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഡോ. ഉമർ നബി ബദർപൂർ അതിർത്തിയിലെ ടോൾ പ്ലാസ വഴി ഡൽഹിയിൽ പ്രവേശിക്കുന്നതും പിന്നീട് രാംലീല മൈതാനത്തിനടുത്തുള്ള ഒരു പള്ളിക്ക് സമീപം നടക്കുന്നതും ദൃശ്യങ്ങളിലുള്ളതായി പൊലീസ് വ്യക്തമാക്കി.
ബദർപൂർ ടോൾ പ്ലാസയിൽ നിന്നുള്ള ദൃശ്യങ്ങളിൽ, സ്‌ഫോടനം നടന്ന നവംബർ 10 ന് രാവിലെ 8.02 ഓടെ ഉമർ നബി ( ഡോ. ഉമർ മുഹമ്മദ്) വെളുത്ത ഹ്യുണ്ടായ് ഐ 20 കാർ ഓടിച്ച് ടോൾ ഗേറ്റിൽ നിർത്തുന്നത് കാണാം. തുടർന്ന് പണം എടുത്ത് ടോൾ ഓപ്പറേറ്റർക്ക് നൽകി.സ്‌ഫോടകവസ്തുക്കൾ അടങ്ങിയതായി കരുതപ്പെടുന്ന ഒരു വലിയ ബാഗ് കാറിന്റെ പിൻസീറ്റിൽ വച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും.
മാസ്‌ക് ധരിച്ചാണ് ഉമർ നബി വാഹനം ഓടിച്ചിരുന്നത്. ടോൾ പ്ലാസയിൽ വെച്ച് ഉമർ സിസിടിവിയിലേക്ക് നോക്കുന്നതും കാണാം. സുരക്ഷാ ഏജൻസികൾ തന്റെ പിന്നാലെയുണ്ടെന്ന് അയാൾക്ക് ബോധ്യമുണ്ടായിരുന്നിരിക്കാം. ചുറ്റുപാടുകൾ അയാൾ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അന്നുതന്നെ രാംലീല മൈതാനത്തിന് സമീപമുള്ള പള്ളിയുടെ ഇടുങ്ങിയ വഴിയിലൂടെ ഉമർ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.



